തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെയും സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും രൂക്ഷമായി വിമർശിച്ച് കേരള ധനമന്ത്രി തോമസ് ഐസക്. മുതലാളിമാർക്ക് ഇന്ത്യയെ വിൽക്കുകയാണ് ചെയ്യുന്നതെന്ന് തോമസ് ഐസക് വിമർശിച്ചു. രണ്ട് ലക്ഷം കോടി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കാനാണ് കേന്ദ്ര സർക്കാർ ഇത്തവണ ശ്രമിക്കുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം ഒരു ലക്ഷം കോടിയുടെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻവച്ചിരുന്നെന്നും തോമസ് ഐസക് പറഞ്ഞു.

മുതലാളിമാർക്കുവേണ്ടി നികുതി ഇളവ് നൽകുന്നു. എന്നിട്ട് രാജ്യത്ത് മൊത്തം സാമ്പത്തിക പ്രശ്‌നമാണെന്ന് പറഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ തീരുമാനിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത് നേരത്തെ പറഞ്ഞ മുതലാളിമാർക്കു തന്നെ. നികുതി ഇളവ് നൽകാതിരുന്നാൽ രാജ്യത്ത് വരുമാനം ഉണ്ടാകും. എന്നാൽ, മുതലാളിമാർക്കുവേണ്ടിയാണ് കേന്ദ്രം എല്ലാം ചെയ്യുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താൽ ഒരു വിദേശനാണ്യ പ്രതിസന്ധി വന്നാൽ അതിൽ ഇടപെടാനുള്ള ശേഷി റിസർവ് ബാങ്കിനുണ്ടോ എന്ന കാര്യം സംശയമാണെന്നും തോമസ് ഐസക് പറഞ്ഞു.

കേരളത്തെ ഞെരുക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. സംസ്ഥാനങ്ങൾക്കുള്ള നികുതി വർധിപ്പിക്കുന്നില്ല. പരമാവധി ഞെരുക്കാനാണ് അവർ നോക്കുന്നത്. സാമ്പത്തിക മാന്ദ്യം മറികടക്കാൻ ഉതുകുന്ന ഒന്നും തന്നെ ഇന്നത്തെ ബജറ്റിലില്ലെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം, ആദായ നികുതി പരിധിയിൽ വൻ മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് എൻഡിഎ സർക്കാരിന്റെ രണ്ടാം ബജറ്റ്. 5 ലക്ഷം വരെ ആദായനികുതി ഇല്ല. 5 മുതൽ 7.5 ലക്ഷം വരെ 10 ശതമാനം. 7.5 മുതൽ 10 വരെ 15 ശതമാനം. 10 മുതൽ 12.5 വരെ 20 ശതമാനം. 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനം. 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം എന്നിങ്ങനെയായാണ് ആദായനികുതി ഘടന പരിഷ്കരിച്ചത്.

Read Also: ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ, ചിത്രങ്ങൾ

എൽഐസിയിലെ സർക്കാരിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികൾ വിൽക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതം രണ്ടു ഘട്ടുമായി നൽകും. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപ ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി അനുവദിക്കും. 2024ലോടെ പുതിയ നൂറ് വിമാനത്താവളങ്ങള്‍ തുറക്കും. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍ വരും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ അനുവദിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.