തിരുവനന്തപുരം: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ ഇന്നെത്തുമ്പോൾ കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന ആശങ്ക. പ്രളയത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളത്തിന് കൂടുതൽ ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രളയ ദുരിതത്തിൽ നിന്നും കരകയറാൻ കേരളത്തിന് സഹായം വേണമെന്നും വായ്പ എടുക്കാനുള്ള പരിധി ഉയർത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: Union Budget 2019 Live: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും

നവകേരള നിർമാണത്തിന് ലോകബാങ്ക് എഡിബി പോലുള്ള വിദേശ ഏജൻസിയുടെ സഹായം വേണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. പ്രളയക്കെടുതിക്ക് പിന്നാലെ നികുതി വരുമാനത്തിലെ ഇടിവും സംസ്ഥാനത്തെ പിടിച്ചുകുലുക്കി. ജിഎസ്‍ടി വഴിയുള്ള നികുതി പിരിവിലെ ആശയക്കുഴപ്പം തുടരുകയാണ്.

കേരളം ഏറെ നാളായി ഉന്നയിക്കുന്ന മറ്റൊരു ആവശ്യം വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ട് അനുവദിക്കുക എന്നതാണ്. നിപ ഭീതിയെത്തുടര്‍ന്ന് ആവശ്യം കൂടുതല്‍ ശക്തമായി മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യമന്ത്രിയും കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ട് തുടങ്ങാൻ ആലോചന ഇല്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബേ ലോക്സഭയില്‍ അറിയിച്ചു.

ആയുർവേദത്തിന് രാജ്യാന്തര ഗവേണകേന്ദ്രം സംസ്ഥാനത്ത് അനുവദിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. റബറിന്‍റെ വിലയിടിവ് നേരിടാൻ 200 രൂപ സബ്‍സിഡി അനുവദിക്കുക, ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാളി കോയമ്പത്തൂർ വഴി കൊച്ചി വരെ നീട്ടുക, കേരളത്തിന് എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും മുന്നോട്ട് വച്ചിട്ടുണ്ട്. പുതിയ റെയിൽ പാതയ്ക്കും ജലഗതാഗതത്തിനും മലബാർ കാൻസർ സെന്‍ററിനും പണമനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.