scorecardresearch
Latest News

രാഷ്‌ട്രീയ പാർട്ടികൾ പിരിച്ചെടുക്കുന്ന പണത്തിന് കണക്ക് വേണം; ബജറ്റിനെക്കുറിച്ച് പ്രമുഖർ

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ച് വിവിധ മേഖലകളിലെ പ്രമുഖർ ഐഇ മലയാളത്തോട് പ്രതികരിക്കുന്നു… ശ്രീബാല കെ.മേനോൻ, എഴുത്തുകാരി, സംവിധായക ഒരു എംപി മരിച്ച സാഹചര്യത്തിൽ ബജറ്റ് അവതരണവുമായി മുന്നോട്ട് പോയത് ശരിയായ ഒരു നടപടി അല്ല. നോട്ട് നിരോധനം എല്ലാവരും മറന്ന ഒരു മാറ്റമാണ്. അതിന്റെ ദുരന്ത ഫലങ്ങളിൽ നിന്നും മോചനം നൽകാനുളള ഒന്നും ബജറ്റിൽ കണ്ടില്ല. ആദായ നികുതി പരിധി നാമ മാത്രമായി വർധിപ്പിച്ചപ്പോൾ കോർപറേറ്റ് നൽകുന്ന നികുതിയിൽ വമ്പിച്ച ആനുകൂല്യങ്ങൾ നൽകി. കറൻസി ഇടപാടുകൾക്ക് കടുത്ത […]

രാഷ്‌ട്രീയ പാർട്ടികൾ പിരിച്ചെടുക്കുന്ന പണത്തിന് കണക്ക് വേണം; ബജറ്റിനെക്കുറിച്ച് പ്രമുഖർ

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ച് വിവിധ മേഖലകളിലെ പ്രമുഖർ ഐഇ മലയാളത്തോട് പ്രതികരിക്കുന്നു…

ശ്രീബാല കെ.മേനോൻ, എഴുത്തുകാരി, സംവിധായക

ഒരു എംപി മരിച്ച സാഹചര്യത്തിൽ ബജറ്റ് അവതരണവുമായി മുന്നോട്ട് പോയത് ശരിയായ ഒരു നടപടി അല്ല. നോട്ട് നിരോധനം എല്ലാവരും മറന്ന ഒരു മാറ്റമാണ്. അതിന്റെ ദുരന്ത ഫലങ്ങളിൽ നിന്നും മോചനം നൽകാനുളള ഒന്നും ബജറ്റിൽ കണ്ടില്ല. ആദായ നികുതി പരിധി നാമ മാത്രമായി വർധിപ്പിച്ചപ്പോൾ കോർപറേറ്റ് നൽകുന്ന നികുതിയിൽ വമ്പിച്ച ആനുകൂല്യങ്ങൾ നൽകി. കറൻസി ഇടപാടുകൾക്ക് കടുത്ത നിയന്ത്രണം. അതു പറയുമ്പോൾ കാർഡ് ഉപയോഗിക്കുന്നവർക്ക് കൊടുക്കേണ്ടി വരുന്ന സർവീസ് ടാക്‌സ് ഇനത്തിൽ നമ്മൾ ചിലവഴിക്കേണ്ട തുകയെപ്പറ്റി ആശങ്കയുണ്ടാവുന്നു.

രാഷ്‌ട്രീയ പാർട്ടികൾക്ക് പിരിവിന് ഏർപ്പെടുത്തിയ നിയന്ത്രണം നല്ല കാര്യമാണ്. അതുപോലെ രാഷ്‌ട്രീയ പാട്ടികൾ പിരിച്ചെടുക്കുന്ന പണത്തിന് ഒരു കണക്ക് വരണം. ഐആർസിടിസി ഓൺലൈൻ സേവനം സൗജന്യമാക്കിയതും നല്ല കാര്യമാണ്. പോസ്‌റ്റ് ഓഫിസിൽ പാസ്‌പോർട്ട് എടുക്കാവുന്ന സംവിധാനം വളരെ ആശ്വാസകരമാണ്.

ലാൽജി കാട്ടിപറമ്പൻ, ഗാനരചയിതാവ്

പരിധി ഉയര്‍ത്താതെ തന്നെ 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ ഉള്ള വരുമാനത്തിന്മേല്‍ ഉള്ള നികുതി 10 ശതമാനത്തില്‍ 5 ശതമാനമാക്കിയതും , രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട്‌ ശുദ്ധീകരണ നടപടിയും ശ്രദ്ധേയമാണ്. കാര്‍ഷിക മേഖല വായ്പ, പലിശ ഇളവ്, ജലസേചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പൊതുവില്‍ കര്‍ഷകര്‍ക്കും, ഗ്രാമീണ മേഖലയ്ക്കും ഗുണം ചെയ്യുമെന്ന് കരുതുന്നു . ഇൻഫ്രാസ്ട്രക്ചർ മേഖലയ്ക്കായി മാറ്റിയ ഫണ്ട്‌, പുതിയ റെയില്‍വേ ലൈന്‍ എന്നിവ തൊഴിലവസരം കൂട്ടുന്നതിനും പണം വിപണിയില്‍ എത്തുന്നതിനും സഹായകമാകും.

രഞ്ജിനി സാഷ, അഭിനേത്രി, സംരംഭക

എല്ലാ ജനങ്ങൾക്കും പ്രത്യേകിച്ച് കർഷകർക്കും ഉപകാരപ്രദമാകുന്ന ഒരു ബജറ്റാണ് ഇത്തവണത്തേത്. ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലുളളവർക്കും താഴെയുളളവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന കാര്യങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അത് വളരെ നല്ലൊരു കാര്യമായി തോന്നുന്നു. ബാക്കിയെല്ലാം പ്രതീക്ഷകളാണ്. പല പ്രഖ്യാപനങ്ങളും ഈ സർക്കാർ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴേക്കുമാണ് പൂർണമായും നടപ്പാക്കുക. അടുത്ത തിരഞ്ഞെടുപ്പിന് ആരാകും ജയിക്കുക എന്നും അറിയില്ലല്ലോ..

അഭയ് കുമാർ പി.കെ., സംരംഭകൻ, കൊച്ചി

ബാങ്കിങ് മേഖലയിൽ പലിശ കുറച്ചത് എല്ലാവരെയും സഹായിക്കും. ചെറുകിട കമ്പനികൾക്ക് അഞ്ച് ശതമാനം നികുതി കുറച്ചത് വളരെ നല്ലൊരു മാറ്റമാണ്. അഞ്ച് ലക്ഷത്തിന് മുകളിൽ ഉയർന്ന വരുമാനമുള്ളവർക്ക് 12,500 രൂപ വരെ നികുതി ലാഭം ലഭിക്കുന്നത് മാർക്കറ്റിലേക്ക് കൂടുതൽ പണം ഒഴുകാൻ സഹായിക്കും. മൂന്ന് ലക്ഷത്തിൽ കൂടുതൽ കറൻസി ഇടപാടുകൾ പാടില്ലെന്ന പ്രഖ്യാപനം കള്ളപ്പണമിടപാടുകൾ നിയന്ത്രിക്കാൻ സഹായിക്കും. വ്യവസായ സ്ഥാപനങ്ങൾക്ക് ബാങ്ക് വഴിയുള്ള പണമിടപാടിന് ആറ് ശതമാനം നികുതി കുറച്ചത് ആ രംഗത്തെ ഇടപാടുകൾ സുതാര്യമാക്കും. അന്താരാഷ്‌ട്ര നൈപുണ്യ കേന്ദ്രങ്ങൾ സാഥാപിക്കുമെന്ന തീരുമാനം നിർമ്മാണമേഖലയ്‌ക്ക് ഉണർവോകും.

ഏഴ് വർഷത്തേയ്‌ക്ക് പുതിയ സംരംഭങ്ങൾക്ക് നികുതിയിളവ് ഉണ്ടാകും. വിലകുറഞ്ഞ അടിസ്ഥാന ഗൃഹനിർമ്മാണം ഒന്നുകൂടെ സുഗമമാകും. പ്രകൃതിയുമായി ബന്ധപ്പെട്ട ബജറ്റാണിത്. 20,000 മെഗാ വോൾട്ടുള്ള സൗരോർജ വൈദ്യുത പദ്ധതികൾ, എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലറ്റ്, 7000 സ്‌റ്റേഷനുകളിൽ സൗരോർജ ഉപയോഗം തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിനെ പ്രകൃതിയോടിണങ്ങിയതുമാക്കുന്നു.

തീഷ് കമ്മത്ത്, ബിസിനസ് കൺസൾട്ടന്റ്, യുഎസ്

ആദായ നികുതി നിരക്ക് കുറച്ചത് ഉൾപ്പെടെ നല്ല ചില നീക്കങ്ങൾ ഇത്തവണത്തെ ബജറ്റിലുണ്ട്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന തരത്തിലുളളതും നയതന്ത്രപരമായ ചില നിക്ഷേപങ്ങൾക്ക് അവസരം നൽകുന്നതുമായ തീരുമാനങ്ങൾ സ്വാഗതാർഹമാണ്. നിർമാണ മേഖലയിലേക്ക് കടക്കാനാഗ്രഹിക്കുന്ന ഞങ്ങളെപോലുളളവർക്ക് ബജറ്റിലേത് വളരെ നല്ല നീക്കമെന്ന് വിശേഷിപ്പിക്കാം. ദീർഘ കാലാടിസ്ഥാനത്തിലുളള ഫാക്‌ടറികൾക്കായി വിതയ്‌ക്കുന്ന വിത്തും ഐടി മേഖലയെ തുണയ്‌ക്കുമെന്ന് കരുതാം.

കൃഷിയുടെ കൂടുതൽ മേഖലകളിലേക്ക് കടക്കുമെന്ന് കരുതിയിരുന്നെങ്കിലും ഉണ്ടായില്ല. ഒരു അഗ്രികൾച്ചറൽ ഐടിഐ എന്തുകൊണ്ട് തുടങ്ങിക്കൂടാ? കൂടുതൽ അഗ്രികൾച്ചറൽ കോളജുകളും ആരംഭിക്കാവുന്നതാണ്. ഇന്നും നാളെയും നമ്മുടെ കർഷകരെ സംരംക്ഷിക്കേണ്ടതുണ്ട്. അന്ന ദാതാവാണെങ്കിലും ഇന്ന് അവരാണ് യഥാർഥത്തിൽ തീർത്തും സുരക്ഷിതരല്ലാത്തത്. പലിശ നിരക്കുകൾ കുറയുകയും നാണയപ്പെരുപ്പം നിയന്ത്രണവിധേയവുമെങ്കിൽ നിർമാണ മേഖല കുതിക്കും. അങ്ങനെയെങ്കിൽ അടുത്ത അഞ്ച് വർഷം ഇന്ത്യയ്‌ക്ക് പ്രതീക്ഷയുടെ കാലമാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Union budget 2017 reactions from various fields