/indian-express-malayalam/media/media_files/uploads/2023/06/vd-satheeshan.jpg)
കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയത് സംഭാവനയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഏക സിവില്‍ കോഡ് സെമിനാറിലേക്ക് വിളിച്ചാലുടന്‍ മുസ്ലിം ലീഗ് വരുമെന്ന് ധരിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരായി മാറിയൊ സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാപട്യവുമായാണ് സിപിഎം ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഏക സിവില്‍ കോഡില്‍ രാജ്യത്ത് നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെ എക്കാലത്തെയും വലിയ നേതാവായ ഇഎംഎസ് പറഞ്ഞതെന്ന് സതീശന്‍ ഓര്‍മ്മിപ്പിച്ചു.
ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് സിപിഎം അംഗങ്ങള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിന്റെ മുപ്പത്തിയെട്ടാം വാര്‍ഷികമാണിന്ന്. സുശീലാ ഗോപാലന്‍ അടക്കമുള്ള നേതാക്കള്‍ ഏക സിവില്‍ കോഡിന് വേണ്ടി സമരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് എം വി ഗോവിന്ദന്‍ പറയുന്നത് കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന്. കോണ്‍ഗ്രസിന് വ്യക്തതയില്ലായിരുന്നെങ്കില്‍ രാജ്യം ഭരിച്ചിരുന്ന കാലത്ത് തന്നെ ഏക സിവില്‍ കോഡ് നടപ്പാക്കിയേനെ, സതീശന്‍ പറഞ്ഞു.
അധികാരത്തില്‍ ഇരിക്കുമ്പോഴും അധികാരത്തില്‍ നിന്ന് പുറത്തായപ്പോഴും ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടെന്ന് കൃത്യതയോടെ നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതൊരു മതപരമായ വിഷയമാക്കാതെ എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. അതിനിടിയില്‍ ആരെയെങ്കിലും കിട്ടുമോയെന്ന് അറിയാനാണ് സിപിഎം ഇറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ നന്നായി കിട്ടിയല്ലോ. കിട്ടിയതും കൊണ്ടങ്ങ് പോയാല്‍ മതി, പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ദേശീയ, കേരള രാഷ്ട്രീയവും മാറി വരുന്ന സാഹചര്യങ്ങളും ഏറ്റവും നന്നായി വിലയിരുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. സിപിഎം സെമിനാറിന് പോകില്ലെന്നു മാത്രമല്ല കോണ്‍ഗ്രസാണ് ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭം രാജ്യത്ത് നയിക്കേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള പരിപാടികളില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഒരു മതേതര പ്ലാറ്റ്‌ഫോം ഉണ്ടാകണമെന്ന ലക്ഷ്യത്തിന് മുന്നില്‍ നില്‍ക്കുന്നയാളാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ നേതാക്കളോട് മാത്രമെ ഞങ്ങള്‍ക്ക് അതൃപ്തിയുള്ളൂവെന്നും സതീശന്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.