കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്ബാനയെച്ചോല്ലി സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും അതിരൂപതയുടെ ആസ്ഥാനം കൂടിയായ സെന്റ് മേരീസ് ബസിലിക്കയില്‍ എത്തിയതോടെയാണ് ഉന്തും തള്ളുമുണ്ടായത്. കുര്‍ബാന അര്‍പ്പിക്കാനെത്തിയ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ തടഞ്ഞു.
മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തുന്നതറിച്ച് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ നേരത്തെ തന്നെ പള്ളിക്ക് മുന്നിലെത്തിയിരുന്നു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തിയതോടെ കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിച്ചു. അനുകൂലിക്കുന്ന വിഭാഗം അദ്ദേഹത്തെ കയ്യടികളോടെയാണ് സ്വീകരിച്ചത്. പ്രതിഷേധക്കാര്‍ ഗേറ്റ് പൂട്ടിയതോടെ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കടത്തി വിടാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തി.
ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തെ കയറ്റിവിടണമെന്ന് ആവശ്യവും ഉന്നിയിച്ചതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അനുകൂലിക്കുന്ന വിഭാഗം പള്ളിയുടെ ഗേറ്റ് ചവിട്ടി പൊളിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഏകീകൃത കുർബാനയെ ചൊല്ലി എറണാകുളം അങ്കമാലി രൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്നലെ മെത്രാന് സമിതി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്തിമ പരിഹാരം കാണാന്‍ സാധിച്ചില്ല. 2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയും അനുമതി നല്‍കിയിരുന്നു.