തിരുവനന്തപുരം: സ്വാശ്രയകോളേജുകളിൽ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള ഫീസ് 14 ലക്ഷമായി നിശ്ചയിച്ചു. ജസ്റ്റിസ് ജയേന്ദ്രബാബു കമ്മീഷനാണ് ഏകീക്രത ഫീസ് 14 ലക്ഷം രൂപയായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം സ്വാശ്രയ കോളേജുകളിൽ മെറിറ്റ് സീറ്റിന് 6.5 ലക്ഷമായിരുന്നു ഫീസ് . പക്ഷെ നീറ്റ് അടിസ്ഥാനത്തിൽ നടത്തുന്ന പ്രവേശനത്തിന്റെ ഭാഗമായാണ് ഏകീകൃത ഫീസ് ഉണ്ടാക്കാൻ സർക്കാർ നിർബന്ധിദ്ധരായത്. ഫീസ് വർധനയ്ക്ക് എതിരെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് സർക്കാർ​​ ഉത്തരവിറക്കിയിരിക്കുന്നത്.

ക്രിസ്തത്യൻ മാനേജ്മെന്റുകളുമായി ഫീസ് സംബന്ധിച്ച് ഇന്നലെ സർക്കാർ ധാരണയിൽ​ എത്തിയിരുന്നു. പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളേജ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഫീസ് വര്‍ധന സംബന്ധിച്ച് തീരുമാനമായത്. എന്നാൽ മറ്റ് മാനേജ്മെന്റുകൾ പിജിയ്ക്ക് ഏകീകൃത ഫീസായി ചോദിച്ചത് 25 ലക്ഷം രൂപയായിരുന്നു. 17 ലക്ഷമാക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും മാനേജ്മെന്റ്കൾ വഴങ്ങിയില്ല. എന്നാൽ ഏകീക്രത ഫീസ് നിശ്ചയിച്ച് ജസ്റ്റിസ് ജയേന്ദ്ര ബാബു കമ്മീഷൻ ഉത്തരവിറക്കിയതോടെ ഫീസ് നിലവിൽ വരും.

കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ ക്വാട്ടയിൽ 6.5 ലക്ഷവും മാനേജ്മെന്റ് ക്വാട്ടയിൽ 17.5 ലക്ഷവും എൻആ‌ർഐക്ക് 35 ലക്ഷവുമായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. എന്നാൽ ഇത്തവണ ഏകീകൃതഫീസ് 14 ലക്ഷമാക്കി. ഏകീകൃത പരീക്ഷ അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിൽ ഏകീകൃത ഫീസെന്ന വ്യവസ്ഥയാണ് ഫീസ് ഉയരാൻ കാരണം. മാനേജ്മെന്റ് ക്വാട്ടാ ഫീസ് കുറഞ്ഞെങ്കിലും കുറഞ്ഞ ഫീസിൽ സർക്കാർ ക്വാട്ടയിൽ പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.