തിരുവനന്തപുരം: ഒറ്റവാക്കിൽ വിവരിക്കാനാവുന്ന സമാഗമമായിരുന്നില്ല. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം സഹോദര പുത്രിയെ കണ്ട ഇറോമിന്റെ കണ്ണുനിറഞ്ഞു. കരുത്തുറ്റ പോരാട്ടത്തിന്റെ വഴിയിൽ തളരാതെ പൊരുതിയ അവരെ ആശ്ചര്യത്തോടെയും അഭിമാനത്തോടെയും നോക്കുകയായിരുന്നു അപ്പോൾ സുനിബാല ഇറോം. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വിഷമം മറക്കാൻ കേരളത്തിലെത്തിയ ഇറോം ശർമ്മിളയ്ക്ക് അവിസ്മരണീയമായ കുടുംബ സമാഗമം കൂടി കേരളം സമ്മാനിച്ചു.

തീർത്തും അപ്രതീക്ഷിതമായ കൂടിക്കാഴ്ചയായിരുന്നു ഇത്. തിരുവനന്തപുരത്ത് ജെറ്റ് എയർവെയ്സിൽ എയർഹോസ്റ്റസായാണ് സുനിബാല ഇറോം പ്രവർത്തിക്കുന്നത്. തിങകളാഴ്ച ശർമ്മിളയുടെ സുഹൃത്താണ് സുനിബാലയെ കുറിച്ച് വിവരം പറയുന്നത്. ഉടൻ തന്നെ ഇവരെ കാണാനുള്ള വഴികൾ തേടി. ഒടുവിൽ തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഇരുവർക്കും സമാഗമത്തിന് വേദിയൊരുങ്ങി.

ഏതാണ്ട് ഒരു മണിക്കൂറിലധികം ഇവിടെ ഇരുവരും ഒരുമിച്ച് സമയം ചിലവഴിച്ചു. ഇറോം ശർമ്മിളയുടെ സഹോദരൻ സിംഗ് അജിത്തിന്റെ മൂന്ന് മക്കളിൽ ഇളയവളാണ് സുനിബാല. ശർമ്മിളയുടെ നിരാഹാര സമരത്തിന് ശക്തമായ പിന്തുണ നൽകി ഒപ്പം നിന്നവരിൽ ഒരാളാണ് സിംഗ് അജിത്ത്. പൊലീസ് കസ്റ്റഡിയിലാകും മുൻപാണ് സുനിബാലയെ ഇറോം അവസാനമായി കണ്ടത്. പിന്നീട് ജോലി നേടി മണിപ്പൂർ വിട്ട സുനിബാലയെ ആദ്യമായാണ് ഇറോം കണ്ടത്.

ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നിന്ന് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. ദീർഘകാലം നിരാഹാര സമരത്തിലായിരുന്ന അമ്മായി ഭക്ഷണം കഴിക്കുന്നത് കൗതുകത്തോടെയാണ് സുനിബാല നോക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതം മറക്കാൻ കേരളത്തിലെത്തിയ ഇറോമിന് അവിസ്മരണീയമായ അനുഭവങ്ങളാണ് മലയാളക്കര നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.