കൊച്ചി: വേദാന്തയുടെ തൂത്തുക്കുടിയിലെ കോപ്പർ ഫാക്ടറിക്കെതിരായ സമരം നടത്തിയ പതിമൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയത് ആശങ്കാജനകമായ കാര്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി രാജ്യാന്തര മേധാവി (യുഎൻഇപി) എറിക് സോൽഹെം അഭിപ്രായപ്പെട്ടു. പരിസ്ഥിതി നാശം വിതയ്ക്കുകയും മലിനീകരണം കൊണ്ട് ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത സ്റ്റെർലൈറ്റ് കോപ്പർ ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്‌പിലാണ് 13 പേർ കൊല്ലപ്പെട്ടത്.
പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് സോൽഹെം പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. പ്രതിഷേധങ്ങൾ ഹിംസാത്മകമാകരുത്. വളരെ ദുഃഖകരമായ സംഭവമാണിത്. ഈ വിഷയത്തിൽ ഞങ്ങൾ വളരെയേറെ ആശങ്കപ്പെടുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വേദാന്തയുടെ കോപ്പർ പ്ലാന്റിനെ കുറിച്ച് പ്രദേശവാസികൾക്കുളള ആശങ്കകൾ സർക്കാർ ഗൗരവമായി പരിഗണിക്കണം. ഏതൊരു വലിയ പദ്ധതി നടപ്പാക്കുമ്പോഴും തീർച്ചയായും പൊതുഅഭിപ്രായസ്വരൂപണമായിരിക്കണം അതിന്റെ കേന്ദ്രബിന്ദുവെന്ന് യുഎൻഇപി മേധാവി അഭിപ്രായപ്പെട്ടു.
പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
സിയാലിലെ 45 ഏക്കറിലെ സോളാർ പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. 2015ലാണ് 45,000 ലേറെ സോളാർ പാനലുകളുളള ഈ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം എന്നത് ഔദ്യോഗികമായി അംഗീകരിക്കുന്ന കാര്യത്തിൽ യുഎൻഇപിക്ക് സന്തോഷമേയുളളൂവെന്ന് അദ്ദേഹം പറഞ്ഞു.
”ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണത്തിനായി അത്യാവശ്യമായി ചെയ്യേണ്ടത് വലിയ നദികളുടെ ശുചീകരണ പ്രവർത്തനമാണ്. ഗംഗ ഉൾപ്പടെയുളള നദികൾ ശുചീകരിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി മോദി പദ്ധതി തയ്യാറാക്കിരുന്നു. കേരളത്തിലെ പല നദികളെക്കുറിച്ചും ഞങ്ങൾ പറഞ്ഞിരുന്നു. തുറന്ന സ്ഥലങ്ങളിലെ മലമൂത്ര വിസർജനവും ഫാക്ടറികളിൽനിന്നുളള മാലിന്യങ്ങളും നേരെ പുഴകളിലേയ്ക്ക് തളളുന്നത് അവയെ മലിനീകരിക്കുന്നതിന് കാരണമാകുന്നു. ഗംഗയിൽ ഇത് ഞാൻ കണ്ടിട്ടുണ്ട്. മറ്റ് പലയിടത്തും ഇത് നടക്കുന്നത് എനിക്കറിയാം”, സോൽഹെം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇതൊരു വലിയ വിഷയമാണ്. ഇന്ത്യയിൽ പ്രധാമന്ത്രി ഇത് നടപ്പാക്കാൻ തീരുമാനിച്ചതിന് ഞങ്ങൾ ആശംസകൾ നേരുന്നു.
നോർവേയിൽ നിന്നുളള മുൻ രാഷ്ട്രീയ പ്രവർത്തകനായ സോൽഹെം 2016 ലാണ് യുഎൻഇപിയുടെ മേധാവിയായി ചുമതലയേൽക്കുന്നത്. പ്രധാനമന്ത്രി മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു എന്നിവരെയും അദ്ദേഹം ഈ സന്ദർശനത്തിൽ കാണുന്നുണ്ട്.