തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സര ദിനത്തിലെ ഹര്‍ത്താലില്‍ നിന്ന് യു.ഡി.എഫ് പിന്‍തിരിയണമെന്ന് കായിക മന്ത്രി എ.സി മൊയ്ദ്ദീൻ. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ഒക്‌ടോബര്‍ 13 ന് രണ്ട് മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്.വൈകുന്നേരം 5 മണിക്ക് ഗിനിയ -ജര്‍മ്മനിയേയും, 8 മണിക്ക് സ്‌പെയിന്‍ കൊറിയയേയും നേരിടും. ഹർത്താൽ കാണികളുടെ പങ്കാളിത്തത്തെ സാരമായി ബാധിക്കുമെന്നും, കേരളത്തിന് ഇത് നാണക്കേടാവുമെന്നും മന്ത്രി പറഞ്ഞു.

വിദേശ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദേശ കാണികള്‍-വിനോദ സഞ്ചാരികള്‍ എന്നിവര്‍ വളരെ ആവേശത്തോടെയാണ് ഈ മത്സരങ്ങളെ നോക്കി കാണുന്നത്. ഈ മത്സരങ്ങള്‍ കാണുവാന്‍ വിദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് 13 ന് കൊച്ചിയില്‍ എത്തി ചേരുക. വിദേശ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒക്‌ടോബര്‍ 12 മുതല്‍ കാണികള്‍ കൊച്ചിയില്‍ എത്തിചേരുന്നതിനാല്‍ അവര്‍ക്കുണ്ടാകാവുന്ന അസൗകര്യം ഒഴിവാക്കേണ്ടത് കായിക കേരളത്തിന്റെ ഉത്തരവാദിത്വമാണെന്നും കായിക മന്ത്രി പ്രതികരിച്ചു.

ഈ ഹര്‍ത്താല്‍ കായിക കേരളത്തന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കും. ആയതിനാല്‍ കളി നടക്കുന്ന ദിവസങ്ങളില്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന് യു.ഡി.എഫ് നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ