തിരുവനന്തപുരം: ജമ്മു കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമ്പത്തിക, കാര്‍ഷിക മേഖലകളിലടക്കം എല്ലാ മേഖലകളിലും സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും ഇതിനെതിരായ ജനരോഷം മറച്ച് വെക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ കശ്മീര്‍ വിഭജനം നടത്തിയിരിക്കുന്നതെന്നും കോടിയേരി.

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപി അനുകൂല നിലപാടെടുക്കുകയാണെന്നു പറഞ്ഞ കോടിയേരി കോണ്‍ഗ്രസ് നെഹ്‌റുവിനെ മറന്നുവെന്നും ആരോപിച്ചു.

അതേസമയം, കശ്മീരില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ പ്രകാരം 100 ലധികം പേര്‍ അറസ്റ്റിലാണ്. ചിലയിടത്ത് കല്ലേറുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. കശ്മീരില്‍ കര്‍ഫ്യൂ തുടരവെ സുരക്ഷാ സേന പിന്തുടരുന്നത് കണ്ട് ഝലം നദിയില്‍ ചാടി യുവാവ് മരണപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയേറ്റിട്ടും പ്രക്ഷോഭത്തിനിടെ അല്ലാതെ പരിക്കുകളേറ്റിട്ടും ആറ് യുവാക്കളെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് എ.എഫ്.പി റിപ്പോര്‍ട്ട്.

രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളുമുള്‍പ്പെടെ നൂറോളം പേര്‍ അറസ്റ്റിലാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നതു. ഞായറാഴ്ച രാത്രി വീട്ടുതടങ്കലിലാക്കിയ മെഹബൂബ മുഫ്തിയെയും ഉമര്‍ അബ്ദുള്ളയെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് മാറ്റിയിരുന്നു. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാക്കളായ സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. മറ്റുള്ള നേതാക്കളെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

രണ്ട് ദിവസമായി ഇന്റര്‍നെറ്റ് വാര്‍ത്താ വിതരണ സംവിധാനങ്ങളെല്ലാം തടസ്സപ്പെടുത്തിയതിനാല്‍ കശ്മീരില്‍ നിന്നുള്ള കൃത്യം വിവരങ്ങളൊന്നും ലഭിയ്ക്കുന്നില്ല. ഒ.ബി വാനുകളും സാറ്റ്ലൈറ്റ് സംവിധാനങ്ങളുമുള്ള ദേശിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പുറത്തേക്ക് വരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.