തിരുവനന്തപുരം: സംസ്ഥാനത്ത് വേതന വർദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാർ സമരം ചെയ്യുന്നതിനിടെ പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. അനിശ്ചിതകാല സമരം മാറ്റിവയ്ക്കാൻ തയ്യാറാണെങ്കിൽ വിഷയം അനുകൂലമായി ചർച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എന്ന സംഘടനയുടെ ഭാരവാഹികളെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ മുതലാണ് സംസ്ഥാനത്ത് നഴ്സുമാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ സമരത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി സംഘടനാ നേതൃത്വം പ്രത്യേകം യോഗം ചേരുകയാണ്. എന്നാൽ വിഷയം ചർച്ച ചെയ്യുന്നതിനുള്ള സാവകാശം നൽകാതെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നടപടിയിൽ സംസ്ഥാന സർക്കാരിന് അതൃപ്തിയുണ്ട്.

നഴ്സുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നിന്ന് രോഗികളെ വിട്ടയച്ചു. സർക്കാർ ആശുപത്രികളിലേക്കാണ് ഇവരെ മാറ്റുന്നത്. ഇതോടെ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാൻ സാധിക്കും വിധത്തിൽ സൗകര്യങ്ങൾ വിപുലീകരിക്കാൻ ആശുപത്രി അധികൃതർക്ക് ജില്ല മെഡിക്കൽ ഓഫീസർമാർ നിർദ്ദേശം നൽകി.

കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലാണ് രാവിലെ രോഗികളെ വിട്ടയച്ചത്. ഇതോടെ സംസ്ഥാനത്തെ ആതുര സേവന രംഗം ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ