തൃശൂര്‍: പനിയുള്‍പ്പടെ വര്‍ഷകാലത്തെ പകര്‍ച്ച വ്യാധിയെ നേരിടാന്‍ സമരത്തെ സേവനമായി മാറ്റി സര്‍ക്കാരിനെ സഹായിക്കാമെന്ന നിർദേശവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ സര്‍ക്കാർ ആവശ്യപ്പെട്ടാല്‍ സൗജന്യമായി സേവനം ചെയ്യാന്‍ തയാറാണെന്ന് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചർച്ചയിൽ യുഎന്‍എ അറിയിക്കും.

വേതനവർദ്ധനവില്ലാതെ സമരത്തിൽ നിന്ന് പിന്മാറാൻ തയ്യാറാവില്ല. സർക്കാർ ആവശ്യപ്പെട്ടാൽ സമരം തീരും വരെ സൗജന്യ സേവനം നടത്തും. സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് സൗകര്യ കുറവുണ്ടെന്നത് വസ്തുതയാണെങ്കിൽ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലെ മെഡിസിൻ വാർഡുകൾ ആരോഗ്യ വകുപ്പ് പിടിച്ചെടുക്കാൻ തയ്യാറാവണം. അങ്ങിനെയെങ്കിൽ നഴ്സുമാർ പകർച്ച പനി ബാധിതരെ സൗജന്യമായി പരിചരിക്കാൻ ആരേഗ്യവകുപ്പിനൊപ്പം നിൽക്കും. സ്വകാര്യ ആശുപത്രികളിലെ ഒരു വിഭാഗം ഡോക്ടർമാരും യുഎൻഎയുടെ ഈ ദൗത്യത്തിനൊപ്പം നിൽക്കും. അതുമല്ലെങ്കിൽ വർഷകാല പൂർവരോഗ ചികിത്സ സൗജന്യമായി നടത്താൻ മാനേജ്മെൻ്റുകൾ തയ്യാറായാൽ അതിനോടും സഹകരിക്കും. ജനവികാരം ഇളക്കിവിട്ട് മാനേജ്മെൻ്റുകൾക്ക് പനി ബാധിതരെ കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ല.
യുഎന്‍എ സമരം തുടരുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തിരക്കാണെന്നാണ് പറയുന്നത്. ആവശ്യത്തിന് നഴ്‌സുമാരും ഡോക്ടര്‍മാരും ഇല്ലാത്തതാണ് സര്‍ക്കാര്‍ ആശുപത്രികളെ വലയ്ക്കുന്നതെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും ഭരണതലപ്പത്തുള്ളവരും വ്യക്തമാക്കുന്നുണ്ട്. ഇക്കാരണത്താല്‍ നഴ്‌സുമാര്‍ പണിമുടക്കം പിന്‍വലിക്കണമെന്ന് പറയുന്നത്. ഇത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനല്ലെങ്കിൽ യുഎൻഎയുടെ നിർദ്ദേശത്തിനോട് സർക്കാർ അനുഭാവം പ്രടിപ്പിക്കുമെന്നാണ് പ്രതീക്ഷ. പനി ബാധിച്ചെത്തുന്നവരെ വന്‍ ബില്ലുനല്‍കി പിഴിയുന്ന മാനേജ്‌മെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ സർക്കാർ തയ്യാറാവണം. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാർക്കെതിരെയാണ് നീക്കമെങ്കിൽ പ്രതികരിക്കേണ്ടത് സമൂഹമാണെന്നും യുഎൻഎ അഭിപ്രായപ്പെടുന്നു.

അതേസമയം, നഴ്‌സുമാര്‍ തുടരുന്ന സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. വേതനത്തില്‍ വർധനവ് വരുത്തിയ ദയ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നു. മറ്റു ആശുപത്രികളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കൂടുതല്‍ ആശുപത്രികളുടെ മാനേജ്‌മെന്റുകളുമായി ചര്‍ച്ച തുടരും. ജില്ലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ.സി.മൊയ്തീന്‍ തിരുവനന്തപുരത്ത് മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗം ഇന്ന് ചേരുന്നുണ്ട്.

തൃശൂരിനൊപ്പം സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും യുഎൻഎ നോട്ടീസ് നൽകിയിരുന്നു. 27 ന് ഐആർസിയിൽ തീർപ്പുണ്ടായില്ലെങ്കിൽ അന്നത്തെ നൈറ്റ് ഷിഫ്റ്റ് മുതൽ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ മുന്നോടിയായി നാളെ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും 26 ന് തിരുവന്തപുരത്ത് പ്രകടനത്തോടെ സമരപ്രഖ്യാപന കൺവൻഷനും നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.