ന്യൂഡൽഹി: രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകൾ ഭീഷണിയായി ഉയർന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. കേരളത്തിലെ മുല്ലപ്പെരിയാർ ഡാം അടക്കം ഭീഷണിയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2025 ആകുമ്പോൾ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകൾ ലോകത്തിന് തന്നെ ഭീഷണിയാണ്.

വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ ഈ മുന്നറിയിപ്പ് നൽകുന്നത്. യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താ’ണ് ‘പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിലുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Also Read: കേരളത്തിൽ പുതിയ ഉറുമ്പ് ഇനത്തെ കണ്ടെത്തി

നൂറിലധികം വർഷം പഴക്കമുണ്ട് മുല്ലപ്പെരിയാർ ഡാമിന്. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകും. അതിർത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും തമ്മിലുള്ള തർക്ക വിഷയമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2025-ഓടെ 50 വർഷം പഴക്കമെത്തുന്ന 1115-ലേറെ വലിയ അണക്കെട്ടുകൾ ഇന്ത്യയിലുണ്ട്. 2050-ഓടെ ഇത് 4250 എണ്ണമാവും. 64 വലിയ അണക്കെട്ടുകൾക്ക് 2050-ഓടെ 150 വർഷം പഴക്കമാകും. 20-ാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു അണക്കെട്ട് നിർമാണവിപ്ലവം ലോകത്തുണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Also Read: ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളാകേണ്ടെന്ന് ചെന്നിത്തല, ഗ്രൂപ്പ് വീതംവയ്‌പിനെതിരെ ഹൈക്കമാൻഡ് നിരീക്ഷക സമിതി

അതേസമയം, മുല്ലപ്പെരിയാറിൽനിന്ന്​ ജലം എടുക്കൽ തമിഴ്നാട് പുനരാരംഭിച്ചു. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് കനത്ത മഴയെത്തുടർന്ന്​ നിറഞ്ഞതോടെയാണ് ജലം എടുക്കുന്നത് ഈ മാസം 16ന് തമിഴ്നാട് നിർത്തിവച്ചത്. വൈഗ അണക്കെട്ടിൽ 69.72 അടി ജലമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണശേഷി.

മഴ മാറിയതോടെ സെക്കൻഡിൽ 600 ഘനഅടി ജലമാണ് ഇപ്പോൾ മുല്ലപ്പെരിയാറിൽനിന്ന്​ കൊണ്ടുപോകുന്നത്​. ഈ ജലം ഉപയോഗിച്ച് അതിർത്തിയിലെ പവർ സ്​റ്റേഷനിൽ രണ്ട്​ ജനറേറ്ററിൽനിന്നായി 54 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനും തുടങ്ങി. മുല്ലപ്പെരിയാർ അണക്കെട്ടിൽ 132.90 അടി ജലമാണുള്ളത്. സെക്കൻഡിൽ 572 ഘനഅടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.