ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഐക്യരാഷ്ട്ര സഭ. വിധിയെ എല്ലാവരും ബഹുമാനിക്കണമെന്നും സുപ്രീം കോടതിയില്‍ നിന്നു അനുകൂല വിധി വന്ന സാഹചര്യത്തിലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നിലനില്‍ക്കെ അവരെ തടയുന്നത് മനുഷ്യാവകാശ ലംഘനമല്ലേയെന്ന ചോദ്യത്തിന് ‘രാജ്യത്തെ നിയമങ്ങള്‍ എല്ലാ പൗരന്മാരും പാലിക്കണമെന്നതിനെ ഐക്യരാഷ്ട്രസഭ പ്രോത്സാഹിപ്പിക്കുന്നു’ എന്നായിരുന്നു മറുപടി.

‘സുപ്രീം കോടതി അഭിപ്രായം പറഞ്ഞതിനാല്‍ വിഷയം ഇന്ത്യയിലെ നിയമ നിര്‍മാണ വിദഗ്‌ധരുടെ കൈകളില്‍ വിട്ടുകൊടുത്തിരിക്കുകയാണ്. തീര്‍ച്ചയായും എല്ലാവരും നിയമത്തെ ബഹുമാനിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മാത്രമല്ല അവകാശങ്ങളെക്കുറിച്ചും തുല്യാവകാശങ്ങളെക്കുറിച്ചും യുഎന്നിനുള്ള അടിസ്ഥാനപരമായ നിലപാടിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ വിധി എല്ലാ മതക്കാര്‍ക്കും ബാധകമാണ്. എങ്ങനെ നടപ്പില്‍ വരുത്തുമെന്നതാണ് ചോദ്യം. ഇക്കാര്യത്തില്‍ കോടതി നിലപാടിനെയും നിയമത്തെയും ബഹുമാനിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.