കൊച്ചി: കേരളത്തിന് പ്രളയദുരിതത്തിൽ നിന്ന് കരകയറാനുളള പ്രവർത്തനങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ സഹകരിക്കും. ഇക്കാര്യം പിഎച്ച് കുര്യനാണ് വെളിപ്പെടുത്തിയത്. പ്രളയത്തിൽ വീട് തകർന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതികളിലടക്കം യുഎൻ ഏജൻസിയുടെ സഹകരണം ലഭിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്.

പ്രളയത്തിന്റെ ഏറ്റവും വലിയ ദുരിതം നേരിടുന്ന ആളുകളെ മൂന്ന് ഘട്ടങ്ങളിലായി പുനരധിവസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. താമസിക്കാൻ സാധിക്കാത്ത നിലയിൽ വീട് തകർന്നവർക്കാണ് പ്രഥമ പരിഗണന. ഇവരെ അവരവരുടെ നാടുകളിൽ തന്നെ പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ചെറുകിട വ്യവസായ വാണിജ്യ മേഖലയുടേയും മൂന്നാം ഘട്ടത്തില്‍ പൊതുമേഖലയുടേയും പുനർ നിർമ്മാണമാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് തീർത്തും വാസയോഗ്യമല്ലാത്ത നിലയിൽ 12000 വീടുകൾ തകർന്നുവെന്നാണ് കണക്ക്. ഇതിന്റെ വിലയിരുത്തൽ നടന്നുവരികയാണ്. സർവ്വേ പൂർത്തിയായാലുടൻ പുനരധിവാസ പദ്ധതി നടപ്പിലാക്കും. ഈ ഘട്ടത്തിലാണ് പദ്ധതിയിൽ ഐക്യരാഷ്ട്രസഭയുടെ ഏജൻസികളും ഭാഗമാവുക.

കാലവർഷക്കെടുതിയുടെ സമയത്ത് ഏറ്റവും അധികം മണ്ണിടിച്ചിൽ ഉണ്ടായത് ഇടുക്കി ജില്ലയിലാണ്. ഇവിടെയുളളവരെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ഇപ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. മണ്ണിടിഞ്ഞ പ്രദേശങ്ങൾ അതീവ അപകട മേഖലയാണ്. ഇവിടങ്ങളിൽ ഇനി നിർമ്മാണം സാധ്യമല്ല. പുനരധിവാസ പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ പങ്കാളിത്തവും ഉറപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ