മദീന: ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മദീനയിൽ അപകടത്തില്‍ പെട്ടു. രണ്ട് പേര്‍ മരിച്ചു. കുന്ദംകുളം സ്വദേശി ശാഹുൽ ഹമീദും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്.  രണ്ട് പെണ്‍കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. ഹമീദും ഭാര്യയും മകനും രക്ഷപ്പെട്ടു.

ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചായിരുന്നു അപകടം. തൃശൂര്‍ കുന്ദംകുളം സ്വദേശി വലിയകത്ത്​ വീട്ടിൽ ശാഹുൽ ഹമീദിന്റെ മക്കളായ 16 കാരി ഫാത്തിമ, 14കാരി ആയിഷ എന്നിവര്‍ അപകടം നടന്ന ഉടൻ മരിച്ചു. ദമ്മാമിൽ പഠിച്ചുകൊണ്ടിരുന്ന ഇവർ തുടർപഠനത്തിന്​ നാട്ടിലായിരുന്നു.

ദമ്മാമിൽ നിന്ന്​ ഉംറ നിർവഹിക്കാൻ പോയ മലയാളി കുടുംബത്തിനാണ് ദുരന്തം. മദീനയിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഉംറ നിർവ്വഹിക്കാനായി രണ്ടാഴ്​ച ​മുമ്പാണ് ഇവർ ദമ്മാമിലെത്തിയത്​.

ശാഹുൽ ഹമീദിനും ഭാര്യ സൽമ മകൻ ഹാറൂണ്‍ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. മദീനക്കടുത്ത്​ മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ കിങ്​ ഫഹദ്​ ആശുപത്രിയിലേക്ക്​ മാറ്റി. മൃതദേഹം മദീനയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്​. ദമ്മാമിൽ നിന്ന്​ ബന്ധുക്കൾ മദീനയിലെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook