ബംഗളൂരു: സോളാർ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വ്യവസായി എം.കെ കുരുവിള നൽകിയ കേസിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒഴിവാക്കി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഉമ്മൻചാണ്ടിയെ കേസിൽ നിന്ന് ഒഴിവാക്കിയത്. പ്രതി ചേർത്തതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

തട്ടിപ്പിൽ ഉമ്മൻചാണ്ടി നേരിട്ട് പണം വാങ്ങിയതിനോ, അത് തെളിയിക്കുന്നതിനുള്ള രേഖകളോ കുരുവിളയ്ക്ക് ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. അതേസമയം, കേസിലെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾക്കെതിരെയുള്ള കേസ് തുടരും.

നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ