കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതേസമയം തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുളള ഏറ്റുമുട്ടലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ വിജയം സുനിശ്ചിതമാണെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഒരു തവണയെങ്കിലും ചെങ്ങന്നൂരില്‍ പോയി വരുന്നവര്‍ക്ക് ഇത് മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നു മന്ത്രി എം.എം.മണി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ പ്രസ്താവന. കേരള കോണ്‍ഗ്രസിനേയും കോണ്‍ഗ്രസിനേയും ഒരുപോലെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മണിയുടെ പ്രതികരണം. അതേസമയം, ബാര്‍ കോഴ ഉണ്ടാക്കിയത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണെന്നും മണി പറഞ്ഞു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉണ്ടാക്കിയ ബാര്‍ കോഴയിലെ ചെറിയ കണ്ണി മാത്രമാണ് കെ.എം.മാണിയെന്നും ബാര്‍ കോഴ കേസ് മീനച്ചിലാറ്റില്‍ കൂടി ഒരുപാട് വെള്ളം ഒഴുകുന്നത് പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.മാണി അതിലെ ജൂനിയര്‍ പങ്കാളി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.