കൊച്ചി: ‘ഇതെന്റെ പി ടിക്കുള്ളതാ…’ അന്തരിച്ച പ്രിയതമന്‍ പി ടി തോമസിന് ഒരുള മാറ്റിവച്ച് കണ്ണുനിറഞ്ഞ ഉമ തോമസിനെ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് കാലത്ത് കേരളം ടെലിവിഷനില്‍ കണ്ടതാണ്. ഇതിനെതിരെ ഇടതു നേതാക്കളിൽനിന്നും ഇടതു സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്നും വലിയ വിമര്‍ശമുയര്‍ന്നെങ്കിലും അതു ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട്’ അല്ലെന്നും തന്റെ സ്വകാര്യതയാണെന്നും പി ടിയുടെ കാര്യത്തില്‍ ആരും ഇടപെടുന്നത് തനിക്കിഷ്ടമല്ലെന്നും ബഹളം വയ്ക്കാതെ കടുപ്പിച്ച് പറഞ്ഞു ഉമ.
പി ടി തോമസും ഉമയും തമ്മിലുള്ള സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ഇഴയടുപ്പത്തിന് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തന കാലത്തോളം വേരുകളുണ്ട്. ഒടുവില്‍, തൃക്കാക്കരയിലെ വമ്പന്‍ വിജയം ഉമ സമര്‍പ്പിച്ചതും ‘എന്റെ പി ടിയ്ക്ക്’ തന്നെ.
നേതാവ് മരിച്ചാല്‍ കുടുംബാംഗം സ്ഥാനാര്‍ഥിയാവുന്ന പതിവ് കോണ്‍ഗ്രസ് രീതി പലതവണ കേരളം കണ്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെ മാത്രം പരിഗണിക്കാവുന്ന ഒരാളല്ല ഉമ തോമസ്. വിദ്യാർഥികാലത്ത് സജീവ കെ എസ് യു പ്രവര്‍ത്തകയായിരുന്ന ഉമ പി ടി തോമസിനെ വിവാഹം കഴിച്ചശേഷം പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിൽനിന്നു പിന്മാറുകയായിരുന്നു. 1982 ല്‍ മഹാരാജാസില്‍ വനിതാ പ്രതിനിധിയായി ജയിച്ച ഉമ 1984 ല്‍ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Also Read: തൃക്കാക്കര: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഊർജമാകുമോ കേരളത്തിലെ നവോന്മേഷം?
കെ എസ് യു പ്രവര്‍ത്തകരെന്ന നിലയിലാണ് പി ടി തോമസും ഉമയും അടുക്കുന്നത്. അന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്ന പി ടി തോമസ് മഹാരാജാസിലെ ബിരുദാനന്തര ബിരുദ പഠനം കഴിഞ്ഞ് എറണാകുളം ലോ കോളജില്‍ പഠിക്കുകയായിരുന്നു. ഒരു യോഗത്തില്‍ പങ്കെടുക്കാനായി മഹാരാജാസില്‍ എത്തിയപ്പോഴാണു പി ടി ആദ്യമായി ഉമയെ കാണുന്നത്. അദ്ദേഹമെത്തുമ്പോള്‍ പാടിക്കൊണ്ടിരിക്കുന്ന ഉമയെയാണു കണ്ടത്. പി ടി യോഗത്തിനെത്താന്‍ വൈകിയപ്പോള്‍ സമയം പോക്കാനായി പാടിയതായിരുന്നു ഉമ. നിയോഗമെന്നതു പോലുള്ള ആ പാട്ടും ഉമയും പിന്നീട് പി ടിയുടെ മനസില്‍നിന്ന് ഇറങ്ങിപ്പോയിട്ടേയില്ല. പിന്നീടൊരിക്കല്‍ ഫോണിലൂടെയാണ് പി ടി ഉമയോട് പ്രണയം പറഞ്ഞത്.
1980ല്‍ പ്രീ ഡിഗ്രി പഠനത്തിനായി എത്തിയ ഉമ 1985ല്‍ ബി എസ്‌സി സുവോളജി പൂര്‍ത്തിയാക്കിയാണു മഹാരാജാസ് വിടുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞ് 1987 ജൂലൈ ഒന്‍പതിനായിരുന്നു വിവാഹം. ബി എസ്‌സി കഴിഞ്ഞ് ഉമ എം എസ് ഡബ്ല്യു പഠിക്കുന്ന കാലത്ത്, പ്രണയം ഉമയുടെ വീട്ടിലറിഞ്ഞ് പ്രശ്‌നമായി. കത്തുകളിലൂടെയായി പിന്നീടുള്ള ആശയവിനിമയം. ഉമയ്ക്കു വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിച്ചതോടെ ഇരുവരും എതിര്‍പ്പ് മറികടന്ന് ഒന്നാകാന്‍ തീരുമാനിക്കുകയായിരുന്നു. താലികെട്ടി മറ്റു ചടങ്ങുകളില്ലാതെയായിരുന്നു മതത്തിന്റെ വേലിക്കെട്ടുകള്‍ മറികടന്നുള്ള ആ വിവാഹം.
തൊടുപുഴ അല്‍ അസര്‍ ഡെന്റല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസറായ ഡോ.വിഷ്ണു തോമസ്, തൃശൂര്‍ ഗവ. ലോ കോളജ് വിദ്യാഥി വിവേക് തോമസ് എന്നിവരാണു പി ടി തോമസ്-ഉമ തോമസ് ദമ്പതികളുടെ മക്കള്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന ഉമ, പി ടി അസുഖബാധിതനായതോടെ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
പി ടി തോമസിനു പകരക്കാരിയായി തൃക്കാക്കരയില്‍ വിജയം കൈവരിച്ച ഉമ തോമസ് പതിനഞ്ചാം നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എം എം എല്‍യാണ്. പ്രതിപക്ഷ നിരയിലെ രണ്ടാത്തെ വനിതയും. വടകരയില്‍നിന്ന് ആര്‍ എം പി സ്ഥാനാര്‍ഥിയായി വിജയിച്ച കെ കെ രമയാണ് രണ്ടാമത്തെയാള്‍. ഇവരും ഭരണപക്ഷത്തുനിന്നുള്ള 10 പേരും ഉള്‍പ്പെടെ 12 വനിതകളാണ് ഇത്തവണ നിയമസഭയിലുള്ളത്. സംസ്ഥാന ചരിത്രത്തില്‍, ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുന്ന നാലാമത്തെ വനിതയെന്ന പ്രത്യേകതയും അന്‍പത്തിയാറുകാരിയായ ഉമ തോമസിന്റെ വിജയത്തിനുണ്ട്.
രൂപീകൃതമായതു മുതല്‍ തൃക്കാക്കര മണ്ഡലം യു ഡി എഫിനൊപ്പം നിന്നതാണു ചരിത്രമെങ്കിലും ഏറ്റവും വലിയ ഭൂരിപക്ഷം ഉമ തോമസിനു മാത്രം അവകാശപ്പെട്ടതാണ്. മണ്ഡലം നിലവില്‍ വന്ന 2011ല്‍ 22,406 വോട്ടിനായിരുന്നു കോണ്‍ഗ്രസിലെ ബെന്നി ബെഹ്‌നാന്റെ വിജയം. പിന്നീട് പി ടി തോമസിന്റേതായി ഊഴം. 2016 ല്‍ 11,996 ഉം 2021ല്‍ 14,329 ഉം വോട്ടായിരുന്നു പി ടിയുടെ ഭൂരിപക്ഷം.
ആ കണക്കുകളെല്ലാം പഴങ്കഥയാക്കി 25,016 വോട്ടിനു വിജയിച്ച ഉമ തോമസ്, വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും വളരെ മുന്നിലായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ 2518 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഏഴാം റൗണ്ടില്‍ പി ടി തോമസ് കഴിഞ്ഞതവണ നേടിയ ഭൂരിപക്ഷവും പത്താം റൗണ്ടില്‍ ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷവും ഉമ മറികടന്നു. 239 ബൂത്തുകളില്‍ 215 ബൂത്തുകളിലും ഉമയ്ക്കായിരുന്നു ലീഡ്. ജോ ജോസഫിനു ലീഡ് ലഭിച്ചതു 22 ബൂത്തുകളില്‍ മാത്രം. രണ്ടെണ്ണത്തില്‍ ഇരു സ്ഥാര്‍ഥികള്‍ക്കും ലഭിച്ചത് ഒരേ വോട്ട്. ഉമ തോമസ് ആകെ 72,770 വോട്ട് നേടിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനു ലഭിച്ചതു 47754 വോട്ട്. എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനു ലഭിച്ചതു 12,957 വോട്ടും.