കൊച്ചി: പുതുവത്സരം ആഘോഷിക്കാൻ കൊച്ചിയിലെത്തി, ഹൃദയാഘാതം മൂലം മരിച്ച ലണ്ടൻ സ്വദേശി കെന്നത്ത് വില്യം റൂകിന്റെ മൃതദേഹം, മരണമടഞ്ഞതിന്റെ പതിനൊന്നാം നാൾ സംസ്കരിച്ചു. ഫോർട്ടുകൊച്ചി വെളി പൊതുശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം സംസ്കരിച്ചത്.
മകളോടൊപ്പം കൊച്ചി കാണാനെത്തിയ 89-കാരനായ കെന്നത്ത് വില്യം റൂക് ഡിസംബർ 31-ന് ഫോർട്ട്‌കൊച്ചിയിൽ താമസിച്ചിരുന്ന ഹോട്ടലിൽ വച്ചാണ് മരിച്ചത്. പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തിയ റൂക്, 31 ന് രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് മുറിയിൽ മടങ്ങിയെത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്.
മൃതദേഹം തിരികെ ലണ്ടനിൽ കൊണ്ടുപോയാൽ പൊലീസ് അന്വേഷണവും പോസ്റ്റുമോർട്ടവും അടക്കമുളള നടപടികൾ കടക്കേണ്ടി വരും. കുറഞ്ഞത് 30 ദിവസമെങ്കിലും മൃതദേഹം സംസ്കരിക്കാതെ കാത്തിരിക്കേണ്ടി വരും. ഇക്കാരണത്താലാണ് പിതാവിന്റെ മൃതദേഹം കൊച്ചിയിൽ സംസ്കരിക്കാൻ മകൾ ഹിലാരി മെയ്ൻ തീരുമാനിച്ചത്.
ഹിലാരി അറിയിച്ചതനുസരിച്ച് ബ്രിട്ടീഷ് എംബസി പ്രതിനിധികൾ കൊച്ചിയിലെത്തി മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്ന നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ബന്ധുക്കളായ ഒലിവർ, ഡാരൻ, എറിക എന്നിവരും ലണ്ടനിൽ നിന്ന് മരണ വിവരമറിഞ്ഞ് കൊച്ചിയിലെത്തിയിരുന്നു. മൃതദേഹം എറണാകുളം ഗവ മെഡിക്കൽ കോളേജിൽ വച്ച് പൊലീസ് സർജൻ പോസ്റ്റുമോർട്ടം ചെയ്ത് റിപ്പോർട്ട് നൽകി.
പിന്നീട് ചുളളിക്കലിലെ സെന്റ് ജോസഫ് പളളിയിൽ മൃതദേഹം ശുശ്രൂഷ നടത്താൻ തീരുമാനിച്ചു. വെളി ശ്മശാനത്തിലെ ശ്മശാനത്തിൽ ഒരുക്കങ്ങൾക്കായി ബന്ധപ്പെട്ടപ്പോഴാണ് തടസം നേരിട്ടത്. വിദേശ പൗരനായതിനാൽ മൃതദേഹം സംസ്കരിക്കാൻ നഗരസഭയിൽ നിന്ന് പ്രത്യേക അനുമതി വേണമായിരുന്നു. തിങ്കളാഴ്ച തന്നെ ഈ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇത് ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ മൃതദേഹം സംസ്കരിക്കാനെത്തിയപ്പോൾ ശ്മശാനം സൂക്ഷിപ്പുകാരൻ ഈ ഉത്തരവ് ഇല്ലാതെ മൃതദേഹം ദഹിപ്പിക്കില്ലെന്ന് നിലപാടെടുത്തു.
ഈ ദിവസങ്ങൾ പണിമുടക്കായതിനാൽ അനുമതി പത്രം നൽകേണ്ട നഗരസഭാ സെക്രട്ടറിക്ക് ഓഫീസിൽ എത്താൻ സാധിച്ചിരുന്നില്ല. നഗരസഭ അടച്ചിട്ട നിലയിലുമായിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം സംസ്കരിക്കാനുളള തീയ്യതി മാറ്റിയത്.
വ്യാഴാഴ്ച നഗരസഭയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇന്ന് രാവിലെ 11 ന് ഫോർട്ട് കൊച്ചി നസ്രേത്ത് സെന്റ് ജോസഫ് കോൺവന്റ് ചാപ്പലിൽ ശവസംസ്കാര ശുശ്രൂഷകൾ നടത്തി. പിന്നീട് വെളി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. സെക്രട്ടറിയുടെ അനുമതി പത്രം ഇല്ലാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ശ്മശാനം സൂക്ഷിപ്പുകാരന്റെ ഉറച്ച നിലപാടാണ് തിരിച്ചടിയായത്. പൊതുപ്രവർത്തകരുടെയടക്കം ഇടപെടൽ ഉണ്ടായെങ്കിലും ശ്മശാനം സൂക്ഷിപ്പുകാരൻ തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. ചിതാഭസ്മം ലണ്ടനിലേക്ക് കൊണ്ടുപോകാനാണ് മകൾ ഹിലാരിയുടെ തീരുമാനം.