കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ഭരണപരിഷ്കരണ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനേയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം.

‘കണ്ണൂര്‍ വിമാനത്താവളം യുഡിഎഫിന്റെ കുഞ്ഞാണ്. അത് വളരുന്നതില്‍ സന്തോഷമേയുളളൂ. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് ഉമ്മൻ ചാണ്ടിയും സ്ഥലം ഏറ്റെടുപ്പ് നടത്തിയത് വി.എസ്.അച്യുതാനന്ദനും ആണ്​. രണ്ട് പേരേയും ഉദ്ഘാടനത്തിന് വിളിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിക്കുമെന്നും രമേശ്​ ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ടെന്നും കിയാല്‍ എംഡി വിളിച്ച് ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു. അതില്‍ കൂടുതല്‍ അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ‘ഇടത് മുന്നണി സർക്കാർ അധികാരത്തിൽ വരും മുമ്പ്​ വിമാനത്താവളത്തി​​ന്റെ 90 ശതമാനം പണികളും പൂർത്തിയായിരുന്നു. റൺവേയുടെ ദൂരം കുറഞ്ഞതിന് സമരം ചെയ്ത ആളാണ് വ്യവസായ മന്ത്രിയായ ഇ.പി.ജയരാജൻ. സർക്കാർ അൽപത്തരമാണ്​ കാണിച്ചത്​. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. ബിജെപി അധ്യക്ഷൻ അമിത് ഷായെ കൊണ്ടുവന്നിറക്കിയ ശേഷം ഉദ്ഘാടനത്തിന്​ എന്ത് പ്രസക്തിയെന്നും ചെന്നിത്തല ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.