തിരുവനന്തപുരം: ജൂണ്‍ ആറിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുമ്പോഴുള്ള പ്രവേശനോത്സവ പരിപാടികള്‍ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭ അംഗീകരിച്ച ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫ് എംഎല്‍എമാരും എംപിമാരും ജൂണ്‍ ആറിന് നടക്കുന്ന പ്രവേശനോത്സവം ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read More: ഒന്ന് മുതൽ പ്ലസ് ടു വരെ ഒരു ഡയറക്ടറേറ്റിന് കീഴിൽ; ഖാദർ കമ്മിറ്റി റിപ്പോർട്ടിന് അംഗീകാരം

പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരെ രണ്ടു തട്ടിലാക്കുകയും സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം തകര്‍ക്കുകയും ചെയ്യുന്ന തുഗ്ലക് പരിഷ്‌കാരമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും അധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ. എന്നാല്‍, നിയമസഭയില്‍ ഇത് സംബന്ധിച്ച അടിയന്തര പ്രമേയം കൊണ്ടുവന്നിട്ടും അതെല്ലാം തള്ളി കളഞ്ഞാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സി.പി.എമ്മിന്റെ അധ്യാപക സംഘടനാ നേതാക്കളുടെ താത്പര്യ പ്രകാരം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം വിദ്യാര്‍ഥികളോടും സമൂഹത്തോടും ചെയ്യുന്ന അപരാധമാണെന്നും അത് കൊണ്ടാണ് യുഡിഎഫ്  പ്രവേശനോത്സവം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഒന്നു മുതൽ പ്ലസ് ടു വരെ ഒറ്റ ഡയറക്റ്ററേറ്റിന് കീഴിലാക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് ജൂൺ ഒന്നിനാണ് സർക്കാർ ഉത്തരവിറക്കിയത്. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷനാണ് ഇനി മുതൽ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. ഹൈസ്‌ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവി പ്രിൻസിപ്പലും, വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽ പി, യു പി, ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല.

ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ അത് തള്ളി കളയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.