തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രത്യക്ഷസമരങ്ങള്‍ നിര്‍ത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരായി നടത്തിവരുന്ന പ്രത്യക്ഷ സമരങ്ങളാണ് യുഡിഎഫ് നിര്‍ത്തി വയ്ക്കുന്നത്. വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണ്. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിക്കും. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷന്‍ അഴിമതിയിലെ നിര്‍ണായക ഫയലുകള്‍ വിജിലന്‍സ് കൈക്കലാക്കിയതായും അദ്ദേഹം ആരോപിച്ചു. സിബിഐ വരുന്നതിന് മുന്‍പ് തിടുക്കത്തില്‍ വിജിലന്‍സ് എത്തുകയായിരുന്നു. വിജിലന്‍സിന്റെ നീക്കം സംശയാസ്പദമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Read More: ‘സമരക്കാർ വൈറസ് വ്യാപനം എളുപ്പമാക്കുന്നു; സമരങ്ങൾ തടഞ്ഞ 101 പൊലീസുകാർക്ക് കോവിഡ്’

സ്വര്‍ണക്കടത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയവര്‍ തന്നെയാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. ലഹരിമരുന്ന് കേസില്‍ സ്വന്തം മകനെ പ്രതിയാക്കുമെന്ന് കണ്ടാണ് പാര്‍ട്ടി സെക്രട്ടറി കേന്ദ്ര ഏജന്‍സികളെ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനങ്ങള്‍ നടത്തിയ സമരങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പോസിറ്റീവായതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സംഘടിച്ച് സമരപരിപാടികളില്‍ പങ്കെടുത്ത കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും വലിയ വിവാദമായിരുന്നു.

Read More: മരണനിരക്ക് ഉയരാന്‍ സാധ്യത, വരും ദിവസങ്ങള്‍ നിര്‍ണായകം: കെ.കെ ശൈലജ

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇനി പ്രത്യക്ഷമായ ആള്‍ക്കൂട്ട സമരങ്ങള്‍ വേണ്ട എന്ന് യു.ഡി.എഫ് തീരുമാനിച്ചത്. അതേസമയം പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ നടക്കുന്ന സമരങ്ങൾ വൈറസ് വ്യാപനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചിരുന്നു. സമരങ്ങൾ തടഞ്ഞ 101 പൊലീസുകാർക്ക് കോവിഡ് ബാധിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടം ഉണ്ടാക്കികൊണ്ടുള്ള സമരങ്ങളും. നിരന്തരം ഈ പ്രശ്നം ചൂണ്ടികാണിച്ചിട്ടും സമരം നടത്തുന്നവർ ഗൗരവകരമായ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook