തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ എം.എം.മണിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാതെ സർക്കാരുമായി സഹകരിക്കാനാവില്ലെന്ന് യുഡിഎഫ് നേതൃയോഗം. സ്ത്രീകൾക്കെതിരെ അശ്ലീലപ്രയോഗം നടത്തുന്ന മന്ത്രിയെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശാസിക്കുകയെങ്കിലും ചെയ്യുമെന്നു കരുതിയെന്നു ചെന്നിത്തല പറഞ്ഞു.

അതിനിടെ, ഉമ്മൻചാണ്ടി ഇന്നു മൂന്നാർ സന്ദർശിക്കും. വൈകിട്ട് തിരുവനന്തപുരത്തു രക്തസാക്ഷി മണ്ഡപത്തിൽ യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹമിരിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് പ്രതിഷേധ മാർച്ചും യോഗവും നടത്തും.

വിവാദ പ്രസംഗത്തിൽ മന്ത്രി എം.എം.മണി ഇന്നലെ നിയമസഭയിൽ വിശദീകരണം നൽകിയിരുന്നു. ”തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് എംഎം.മണി പറഞ്ഞു. 17 മിനിറ്റുളള തന്റെ പ്രസംഗം മുഴുവനായി കേട്ടാൽ താൻ കുറ്റക്കാരനല്ലെന്ന് എല്ലാവർക്കും ബോധ്യമാകും. എന്നാൽ പ്രസംഗത്തിൽ താൻ പറഞ്ഞത് എഡിറ്റ് ചെയ്താണ് മാധ്യമങ്ങൾ നൽകിയത്. ചില മാധ്യമപ്രവർത്തകർക്ക് തന്നോട് വ്യക്തി വിരോധമുണ്ട്. തന്റെ പ്രസംഗങ്ങൾ പലപ്പോഴും മാധ്യമങ്ങൾ മുറിച്ചെടുത്തും വളച്ചൊടിച്ചുമാണ് നൽകുന്നത്”.

”തൂക്കിക്കൊല്ലാൻ വിധിക്കുമ്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കാറുണ്ട്. വിവാദത്തിനിടയായ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ ആക്ഷേപിച്ചിട്ടില്ല. നാലാൾ സമരമാണിപ്പോൾ നടക്കുന്നത് സ്ത്രീകളോട് എന്നും ആദരവോടുകൂടിയേ പെരുമാറിയിട്ടുളളൂവെന്നും” മണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ