തിരുവനന്തപുരം: കേരളത്തിൽ വിഭാഗീയത ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷാ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. അമിത് ഷായ്ക്ക് കേരളത്തിലെ ജനങ്ങളെ ഇതുവരെ മനസ്സിലായിട്ടില്ല. എൽഡിഎഫ് സർക്കാരിനെ താഴെയിടാനുളള ശക്തി കേരളത്തിൽ ബിജെപിക്ക് ഇല്ല. എൽഡിഎഫ് സർക്കാരിനെ അവസരം കിട്ടിയാൽ ജനങ്ങൾ തന്നെ പിരിച്ചുവിട്ടോളും. അമിത് ഷാ അത് ചെയ്യേണ്ട കാര്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

മോദിയും പിണറായിയും കൂടി വർഗ്ഗീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. കേരളത്തിനെ ജാതീയമായി വേർതിരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ബിജെപിയും സിപിഎമ്മും ചേർന്ന് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ മുൻകൈയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ സ്ഥിതിഗതികൾ വഷളാക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ബിജെപിക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കാൻ സിപിഎം ശ്രമിക്കുകയാണ്. ആ ശ്രമം നടക്കില്ല. ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനുളള നീക്കങ്ങളെ യുഡിഎഫ് തടയും. ഭക്തർക്കൊപ്പമാണ് യുഡിഎഫെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിനായി താളിക്കാവിൽ നിർമിച്ച മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ അമിത് ഷായുടെ പ്രസംഗം തെറ്റായ രീതിയിൽ മരളീധരൻ തർജ്ജമ ചെയ്തതാണ് വിവാദമായത്. ‘സ്‌പെഷ്യല്‍ പൊലീസ് എന്ന പേരില്‍ 1500 ല്‍ പരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് ഇറക്കിയത്. ഈ അടിച്ചമര്‍ത്തല്‍ നിര്‍ത്തിയില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ ശക്തമായ മറുപടി തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്,’ എന്ന അമിത് ഷായുടെ വാക്കുകള്‍ മുരളീധരന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍, “വേണമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടു” മെന്നായി മാറി. പിന്നാലെ ഈ വാക്കുകള്‍ വാര്‍ത്തകയാവുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.