തിരുവനന്തപുരം: സംസ്ഥാനത്ത് അരിയുടെയും ആവശ്യ സാധനങ്ങളുടെയും വില വര്‍ധിച്ചതായും സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെതിരായി കോണ്‍ഗ്രസും യു ഡി എഫും ശക്തമായ സമരപരിപാടികള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അരി വില കൂടുന്നു, അവശ്യസാധന വില കൂടുന്നു. ഒന്നിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ല. വില നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി നിഷ്‌ക്രിയനായി ഇരിക്കുന്നു. പൊലീസിനെ സംസ്ഥാനത്ത് കയറൂരി വിട്ടിരിക്കുകയാണ്. ഡി വൈ എഫ് ഐ ,എസ് എഫ് ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണ്. ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും നവംബര്‍ മൂന്നു മുതല്‍ യു ഡി എഫ് പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഒന്നിന് യു ഡി എഫിന്റെ ലഹരി വിരുദ്ധ പ്രചാരണം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. രണ്ടിനു മഹിളാ കോണ്‍ഗ്രസിന്റെ ഡി ജി പി ഓഫീസ് മാര്‍ച്ച് നടക്കും. മൂന്നിനു സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ടറേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. എട്ടിന് യു ഡി എഫ് നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. 14 ന് ‘നരബലിയുടെ തമസ്സില്‍നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്’ എന്ന പ്രചാരണ പരിപാടി തുടങ്ങും. 20 മുതല്‍ 30 വരെ വാഹന പ്രചാരണ ജാഥകള്‍ നടത്തും. ഡിസംബര്‍ രണ്ടാം വാരത്തില്‍ സെക്രട്ടേറിയേറ്റ് വളയും. സംസ്ഥാനത്ത് അരി സംഭരണം നിലച്ചു. കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്. നാളികേര സംഭരണം സംസ്ഥാനത്ത് ഒരിടത്തും നടക്കുന്നില്ല. സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.