തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് മൂന്നിനാണ് യോഗം ചേരുക. പാർട്ടിക്കുള്ളിലെ തമ്മിലടിയാണ് തോൽവിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചർച്ചകൾക്കും വേദിയാകും. കോൺഗ്രസിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗ് പരസ്യ അതൃപ്തി പ്രകടിപ്പിച്ചിച്ചിരുന്നു ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികൾക്കുമുളളത്. താഴെത്തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുളള തീരുമാനം യുഡിഎഫ് എടുക്കും. മുഖ്യമന്ത്രിയുടെ 22 മുതലുള്ള പര്യടനത്തിന് ബദൽ ജാഥയും ആലോചിക്കും.

ഭാരവാഹി യോഗത്തില്‍ ഓരോ ജില്ലയിലേയും തോല്‍വിയുടെ കാരണം സംബന്ധിച്ച് സെക്രട്ടറിമാര്‍ കെപിസിസി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. ജില്ലകളില്‍ സംഘടനാ തലത്തിലുണ്ടായ വീഴ്ചകള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകള്‍, പ്രചാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ തുടങ്ങി ഓരോ ജില്ലകളിലും എന്താണ് സംഭവിച്ചതെന്ന വിശദമായ റിപ്പോര്‍ട്ടാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് കെപിസിസി നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം പരിശോധിക്കും.

പാര്‍ട്ടി തീരുമാനത്തിനപ്പുറം ഏതെങ്കിലും നേതാക്കള്‍ ഇടപെട്ടിട്ടുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരത്തെയും കൊല്ലത്തെയും പരാജയം വിശദമായി യോഗം ചര്‍ച്ച ചെയ്‌തേക്കും. തെറ്റുതിരുത്തലിന്റെ ഭാഗമായി ഓരോ നിയോജക മണ്ഡലങ്ങളുടെയും ചുമതല ഓരോ സെക്രട്ടറിമാര്‍ക്ക് വീതിച്ചു നല്‍കും.

പരാജയത്തിന് പിന്നാലെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനമാണ് ഘടകകക്ഷികൾ പലരും കൈക്കൊണ്ടത്. കോൺഗ്രസിലെ ഗ്രൂപ്പുപോരും തമ്മിലടിയുമാണ് തിരിച്ചടിക്ക് കാരണം. വെൽഫെയർ പാർട്ടിയുമായുളള ധാരണ വിവാദമാക്കിയതും അതുവഴി മധ്യകേരളത്തിൽ പരമ്പരാഗത വോട്ടുകൾ നഷ്ടമായതും ഗൗരവ ചർച്ചയ്ക്ക് വഴിയൊരുക്കും.

തോറ്റിട്ടും തിരിച്ചടിയുണ്ടായിട്ടില്ലെന്ന കോൺഗ്രസ് നേതൃത്വത്തിന്റ വിശദീകരണത്തിലും ഘടക കക്ഷികൾക്ക് നീരസമുണ്ട്. തോൽവിയെ ഗൗരവത്തോടെ കാണണമെന്ന ആർ എസ് പി യുടെ മുന്നറിയിപ്പ് ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനെതിരായ ഘടകകക്ഷികളുടെ അതൃപ്തിയും പരസ്യ പ്രസ്താവനകളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. സംഘടനാ തലത്തിൽ കൈക്കൊള്ളാൻ പോകുന്ന തിരുത്തൽ നടപടികൾ വിശദീകരിച്ചു കൊണ്ടാകും ഘടകകക്ഷികളുടെ ആക്ഷേപങ്ങളെ കോൺഗ്രസ് യോഗത്തിൽ പ്രതിരോധിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.