/indian-express-malayalam/media/media_files/uploads/2021/04/congres-cpm-bjp-party-flags-vote-election.jpg)
Election Result 2023- Tripura, Meghalaya, Nagaland Live Updates
കോട്ടയം: ഈരാറ്റുപേട്ടയ്ക്കു പിന്നാലെ കോട്ടയം നഗരസഭയിലും യുഡിഎഫിനു ഭരണം നഷ്ടമായി. എല്‍ഡിഎഫ് അവതരിപ്പിച്ചഅവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണു കോട്ടയത്ത് യുഡിഎഫ് ഭരണത്തില്‍നിന്നു പുറത്തായത്. 10 ദിവസത്തിനിടെയാണ് കോട്ടയം ജില്ലയിലെ രണ്ട് പ്രധാന നഗരസഭകളില്‍ യുഡിഎഫിനു ഭരണം നഷ്ടമാകുന്നത്.
ഭരണസ്തംഭനം ആരോപിച്ചാണ് നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. 52 അംഗ കോട്ടയം നഗരസഭാ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 പേര്‍ വീതമാണുള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങളും.
27 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസപ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. എന്നാൽ ബിജെപിയുടേത് ഉൾപ്പെടെ 29 പേരുടെ പിന്തുണ ലഭിച്ചു. ഒരു വോട്ട് അസാധുവായി. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ബിജെപി അംഗങ്ങള്‍ക്കു പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. യുഡിഎഫ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു.
21 അംഗങ്ങളാണ് യുഡിഎഫിനു നേരത്തെയുണ്ടായിരുന്നത്. കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിലെത്തിയതോടെ അംഗസംഖ്യ 22 ആയി ഉയരുകയായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത കൗണ്‍സിലില്‍ ബിന്‍സി നറുക്കെടുപ്പിലൂടെയാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ്-20, കേരള കോൺഗ്രസ് ജോസഫ് വിഭാഗം-1, സ്വതന്ത്ര-1 എന്നിങ്ങനെയാണ് യു ഡിഎഫ് കക്ഷിനില. എല്‍ഡിഎഫില്‍ സിപിഎം-16, സിപിഐ-2 കേരള കോണ്‍ഗ്രസ് (എം)-1, കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം-1, കോണ്‍ഗ്രസ് എസ്-1, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില.
ഈരാറ്റുപേട്ടയില്‍ നഗരസഭാധ്യക്ഷ മുസ്ലിം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്‌ഡിപിഐയുടെയും കോണ്‍ഗ്രസ് വിട്ടുവന്ന അംഗത്തിന്റെയും പിന്തുണയോടെയാണ് 13നു പാസായത്.
Also Read: ഇടുക്കിയില്‍ ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം; യുവതിയെ ചവിട്ടിക്കൊന്നു
28 അംഗ നഗരസഭാ കൗണ്‍സിലില്‍ 15 പേരുടെ പിന്തുണയാണ് അവിശ്വാസപ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. എല്‍ഡിഎഫിന്റെ ഒന്‍പതും എസ്‌ഡിപിഐയുടെ അഞ്ചും കോണ്‍ഗ്ര് വിട്ട അന്‍സലന പരീക്കുട്ടിയുടെ വോട്ടുമാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചു. യുഡിഎഫിനു നേരത്തെ 14 അംഗങ്ങളാണുണ്ടായിരുന്നത്. അന്‍സലന പരീക്കുട്ടി കോണ്‍ഗ്രസ് വിട്ടതോടെ പിന്തുണ 13 അംഗങ്ങളുടേതായി കുറഞ്ഞിരുന്നു. ഇതോടെ യുഡിഎഫ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഈരാറ്റുപേട്ടയില്‍ നാല് അംഗങ്ങളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതിലൊരാളാണ് കൂറുമാറിയത്. കൂറുമാറിയ അംഗം പൊലീസ് സുരക്ഷയോടെയാണ് അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്ത യോഗത്തിനെത്തിയത്. എട്ടു മാസം മുന്‍പ് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിനു പിന്നാലെ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഈരാറ്റുപേട്ടയില്‍ അതില്‍നിന്ന് എസ്ഡിപിഐ വിട്ടുനില്‍ക്കുകയായിരുന്നു. അതേ പാര്‍ട്ടിയാണ് ഇപ്പോള്‍ അധ്യക്ഷയെ പുറത്താക്കാന്‍ എല്‍ഡിഎഫിനൊപ്പം നിന്നത്.
ഏത് ചെകുത്താനുമായി കൂട്ടുകൂടുന്നു: വിഡി സതീശൻ
കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ഏത് ചെകുത്താനുമായി കൂട്ടുകൂടാനും മടിയില്ലാത്ത സംഘമായി സിപിഎം മാറിയെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേസമയം സഖ്യം ചേരാന്‍ മടിയില്ലാതായ സിപിഎം നിലപാടില്ലാത്ത പാര്‍ട്ടിയായി മാറി. എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എമ്മിന്റെ യഥാര്‍ഥ മുഖംമൂടി വലിച്ചുകീറപ്പെട്ടിരിക്കുകയാണ്. ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം കോട്ടയത്തേക്ക് എത്തിയപ്പോള്‍ സഖ്യം ബി.ജെപിക്ക് ഒപ്പമായി മാറ്റിയെന്നും സതീശൻ കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.