തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയം പരാജയമായിരുന്നു എന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവും എം.എൽഎയുമായ കെ.മുരളീധരൻ. യുഡിഎഫിന് അധികാരം നഷ്ടപ്പെട്ടത് മദ്യനയമൂലമാണ് എന്നാണ് കെ.മുരളീധരന്റെ തുറന്ന് പറച്ചിൽ. ‘യുഡിഎഫിനെ ക്ലിഫ് ഹൗസിൽ നിന്ന് കന്റോൺമെന്റ് ഹൗസിലേക്ക് എത്തിച്ച് മദ്യനയം ആയിരുന്നു എന്നാണ് കെ.മുരളീധരൻ ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ പറഞ്ഞത്. മദ്യനയം തെറ്റായിരുന്നു എന്ന ഷിബു ബേബി ജോണിന്റെ പ്രസ്താവനയോട് വ്യക്തിപരമായി യോജിക്കുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു.

എന്നാൽ ഇടത് സർക്കാരിന്റെ മദ്യനയത്തോട് യോജിപ്പില്ലെന്നും ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു. യുഡിഎഫ് സമരങ്ങൾ രാമേശ്വരത്തിലെ ക്ഷൗരം പോലെ ആക്കരുത് എന്നും അദ്ദഹം ആവശ്യപ്പെട്ടു. യുഡിഎഫ് തീരുമാനത്തെ അംഗീകരിക്കുമെന്നും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന്‍റെ മദ്യനയം അനിവാര്യതയാണെന്നും അപക്വമായ മദ്യ നയം മൂലമാണ് യു.ഡി.എഫിന് തുടര്‍ഭരണം നഷ്ടമായതെന്നും ഷിബുബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എൽഡിഎഫിന്‍റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇടത് സർക്കാർ പുതിയ മദ്യനനയം പ്രഖ്യാപിച്ചത്. സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടിയ ബാറുകൾ അതത് താലൂക്കുകളിൽ മാറ്റി സ്ഥാപിക്കും. എഫ്.എസ്.2, എഫ്.എസ്.3 ഹോട്ടലുകൾക്ക് പ്രത്യേക അവസരങ്ങളിൽ ബാർ തുറക്കാൻ അനുമതി നൽകും. മദ്യനിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂലൈ ഒന്ന് മുതലാണ് മദ്യനയം പ്രാബല്യത്തിൽ വരുന്നത്.

Read More : പുതിയ മദ്യനയം സംസ്ഥാനത്ത് മദ്യം ഒഴുകാൻ കാരണമാവില്ല: മന്ത്രി ടി.പി.രാമകൃഷ്ണൻ

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ൽ നിന്ന് 23ാക്കി ഉയർത്തി. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മുകളിലേക്ക് ബാർ ലൈസൻസിന് അനുമതി നൽകി. ടൂറിസം മേഖലയിൽ രാവിലെ 10 മുതൽ രാത്രി 11 വരെ ബാർ പ്രവർത്തിക്കാൻ അനുമതി നൽകി. പകൽ 11 ന് മുതൽ രാത്രി വരെയാണ് മറ്റിടത്ത് മദ്യശാലകളുടെ പ്രവർത്തനം. നിലവിൽ പന്ത്രണ്ടര മണിക്കൂറായിരുന്ന പ്രവർത്തന സമയം ഇതോടെ പന്ത്രണ്ട് മണിക്കൂറായി.

വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ടെർർമിനലിന് പുറമേ ആഭ്യന്തര ടെർമിനലിലും ബാറുകൾ തുറക്കും. കള്ള് വ്യവസായികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 948 കള്ളു ഷാപ്പുകൾ പൂട്ടിക്കിടക്കുന്നുണ്ട്. 40000 ലധികം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരെ സംരക്ഷിക്കാനാണ് പുതിയ നടപടി. ഇതിനായി കള്ള് ചെത്ത് വ്യവസായ ബോർഡ് രൂപീകരിക്കും. ബാറുകളിലും മുന്തിയ ഹോട്ടലുകളിലും കള്ള് ലഭ്യമാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ