ശബരിമല: ശബരിമലയില്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിക്കാനെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.കെ.മുനീര്‍, എൻ.കെ.പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, സി.പി.ജോണ്‍, ജോണി നെല്ലൂർ‍ എന്നിവരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് പ്രതിഷേധിക്കാനെത്തിയത്. തങ്ങളെ എല്ലാവരേയും ശബരിമലയിലേക്ക് കയറ്റി വിടാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

‘ശബരിമലയില്‍ അനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഞങ്ങള്‍ മൂന്നോ നാലോ പേരെ മാത്രം മുകളിലേക്ക് വിടാമെന്നാണ് പറഞ്ഞത്. നിരോധനാജ്ഞ പിന്‍വലിക്കണം. പ്രശ്നം ഉണ്ടാക്കുന്ന സംഘപരിവാറുകാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭക്തന്മാരെയാണ് അറസ്റ്റ് ചെയ്യുന്നത്. യാതൊരു സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. തീര്‍ത്ഥാടനത്തെ അട്ടിമറിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നാമം ജപിക്കുന്നത് മുഴുവന്‍ ആര്‍എസ്എസ്സുകാരാണോ?,’ ചെന്നിത്തല ചോദിച്ചു.

‘മുഖ്യമന്ത്രി പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. പിടിപ്പുകെട്ട ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ശബരിമലയുടെ പരിപാവനത സംരക്ഷിക്കാന്‍ ഞങ്ങള്‍ നിരോധനാജ്ഞ ലംഘിക്കുന്നു. യുഡിഎഫ് നേതാക്കള്‍ എല്ലാവരുമുണ്ട്. ഞങ്ങളുടെ അവകാശത്തെ ഹനിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അറസ്റ്റ് ചെയ്യുമെങ്കില്‍ ചെയ്യട്ടെ. ഞങ്ങള്‍ മുന്നോട്ടു പോവും,’ ചെന്നിത്തല പറഞ്ഞു.

നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു. ‘വഴിയിലൊന്നും വണ്ടിയോ അയ്യപ്പന്മാരോ ഇല്ല. ഭക്തര്‍ക്ക് വരാന്‍ കഴിയാത്ത രീതിയില്‍ സര്‍ക്കാര്‍ ശബരിമലയെ മാറ്റി. തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമം,’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആര്‍ക്കെതിരെയാണ് പൊലീസ് ബാരിക്കേഡ് വച്ചിരിക്കുന്നതെന്ന് എം.കെ.മുനീര്‍ ചോദിച്ചു. ‘ഭക്തര്‍ക്ക് എതിരെയാണ് പൊലീസ് ബാരിക്കേഡ് വച്ചതെങ്കില്‍ ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ഞങ്ങള്‍ അഞ്ച് പേര്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ വന്നിരിക്കുന്നത്. മുഴുവന്‍ വിശ്വാസികള്‍ക്കും വേണ്ടിയാണ്,’ മുനീര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.