തിരുവനന്തപുരം: മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തതെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ഓരോരുത്തരെയും അറസ്റ്റ് ചെയ്യിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും മൂന്ന് എംഎൽഎമാർക്കെതിരായ നടപടിയും രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ സമ്മർദ്ദം ചെലുത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കള്ളക്കേസ് ഉണ്ടാക്കി സ്വർണക്കടത്ത് കേസിൽ നിന്നും സർക്കാരിന് എതിരായ അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. അധികാരം ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന ധിക്കാരം അംഗീകരിക്കില്ലെന്നും യുഡിഎഫ് ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

പാലാരിവട്ടം പാലം 30 %പണി പൂർത്തിയാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. ഇതിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ലേയെന്നും നിയമം നിയമത്തിന്റെ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് പോകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Read More: പാലാരിവട്ടം പാലം അഴിമതി: വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ച് ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായടയ്ക്കാനാവില്ല. അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതൽ വർക്കുകൾ സര്‍ക്കാര്‍ നൽകുന്നു. ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കിൽ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. പാലാരിവട്ടം പാലം ഇടതുപക്ഷ സർക്കാർ നേട്ടമായി പറഞ്ഞിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നത്. അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നതായി കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറസ്റ്റിനായി രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങൾ ചേർ‍ന്നുവെന്നും, നഗ്നമായ അധികാര ദുർവിനിയോഗമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു.

ഇത് അറസ്റ്റ് ആവശ്യമില്ലാത്ത കേസാണെന്നും ഇപ്പോൾ സർക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്നങ്ങളും ബാലൻസ് ചെയ്യാൻ വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. യുഡിഎഫ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർ‍ത്തു. ഇടത് മുന്നണി നീക്കത്തിനെതിരെ വ്യാപക പ്രചരണം നടത്താനാണ് ലീഗിന്റെ തീരുമാനം.

കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.