പാലാ: പാലാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പി.ജെ.ജോസഫിനെ അനുനയിപ്പിക്കാൻ യുഡിഎഫ് യോഗം ഇന്ന് ചേരും. ഇന്നലെ നടക്കേണ്ടിയിരുന്ന യോഗം നേതാക്കളുടെ അസൗകര്യത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രകോപനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും.

Also Read: ആത്മാഭിമാനമുണ്ടെങ്കിൽ പി.ജെ.ജോസഫ് യുഡിഎഫ് വിടണം: കോടിയേരി ബാലകൃഷ്ണൻ

കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പാലായില്‍ പ്രതികൂലമാകുമെന്ന തിരിച്ചറിവിലാണ് സമവായ ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, ജോഷി ഫിലിപ്പ് എന്നിവര്‍ ജോസഫ് വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തും.

Also Read: കേരള കോൺഗ്രസിന്റെ ഇരുപക്ഷത്തിനും കർശന താക്കീതുമായി കെപിസിസി

പാലാ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന കോണ്‍ഗ്രസ് നിർദേശം ലംഘിച്ചാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന പോരിലേക്ക് നീങ്ങിയത്. കെ.എം.മാണി അംഗീകരിച്ചിട്ടും കോട്ടയം ലോക്‌സഭ സീറ്റ് തട്ടിയെടുത്തത് ജോസ്.കെ.മാണിയാണെന്ന ആരോപണവുമായി പി.ജെ.ജോസഫ് രംഗത്തെത്തിയിരുന്നു.

Also Read: ഞങ്ങള്‍ വേറെ, നിങ്ങള്‍ വേറെ; പാലായില്‍ ഒന്നിച്ച് പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം

പാർട്ടി മുഖപത്രമായ പ്രതിഛായയിലും പി.ജെ.ജോസഫിനെതിരെ ലേഖനം എഴുതിയതും തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അണികൾ അസഭ്യവർഷം നടത്തിയതുമാണ് ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചത്. പാലായില്‍ യുഡിഎഫിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.