തിരുവനന്തപുരം: ഇന്ധന പാചക വാതക വിലവര്‍ധനയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ കുറിപ്പ് ചുവടെ:


എന്തുകൊണ്ട് ഹർത്താൽ ?
1 . കേരളത്തില്‍ ഒരാള്‍ ഒരു ലിറ്റര്‍ പെട്രോളോ, ഡീസലോ വാങ്ങുമ്പോള്‍ നികുതിയായി മാത്രം യഥാക്രമം 39.42 രൂപയും, 29.78 രൂപയും നല്‍കണം. നേരത്തെ ഇന്ധന വില വര്‍ധനവുണ്ടായപ്പോള്‍ അന്ന് അധികാരത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടു തവണ നികുതി വേണ്ടെന്ന് വച്ചാണ് സംസ്ഥാനത്ത് ഇന്ധന വില പിടിച്ചു നിര്‍ത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയും നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകി. മറ്റു ചില സംസ്ഥാനങ്ങളും ഇപ്പോള്‍ ഈ മാതൃക പിന്തുടരുന്നുണ്ട്. എന്നാല്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക് നയാപൈസ നികുതി കുറക്കില്ലന്ന വാശിയിലാണ്. വില കുറയ്ക്കുന്നതും, കുറയ്ക്കാത്തതുമൊക്കെ സംസ്ഥാനങ്ങളുടെ കാര്യമെന്ന് പറഞ്ഞ് അരുണ്‍ ജെറ്റ്ലി കൈകഴുകയും ചെയ്യുന്നു. ദുരിതം മുഴുവന്‍ ജനങ്ങള്‍ക്കും. ഇതിന് പുറമെയാണ് പാചക വാതകത്തിന്റെ വില അടിക്കടി കുത്തനെ കൂട്ടുന്നതും.
2. നോട്ട് പിന്‍വലിക്കല്‍, തിരക്ക് പിടിച്ചുള്ള ജി.എസ്.ടി നടപ്പാക്കല്‍ എന്നിവയോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം താറുമാറായി. നമ്മുടെ കയറ്റുമതി വരുമാനം ഇടിഞ്ഞു. 2010 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നമ്മള്‍ പരിക്കൊന്നുമേല്‍ക്കാതെ തലയുയര്‍ത്തി നിന്നു. എന്നാല്‍ ലോകമെങ്ങും അനുകൂലമായ കാലാവസ്ഥ നിലനില്‍ക്കുമ്പോഴും അതിനെ ഉപയോഗപ്പെടുത്താന്‍ കഴിയാതെ നിസ്സഹായരായി നോക്കി നില്‍ക്കാനെ മോദിക്കും സംഘത്തിനും കഴിയുന്നുള്ളു. മോദിക്കും സംഘത്തിനും വികസന വായാടിത്ത്വം പറയാനല്ലാതെ രാജ്യം ഭരിക്കുന്നതെങ്ങിനെയെന്നറിയില്ല.
3 .നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അനിയന്ത്രിതമാകുന്നു. രാജ്യം വലിയൊരു സ്തംഭനാവസ്ഥയിലേക്ക് കൂപ്പു കുത്തുന്നു.
4.ദളിത് പീഡനങ്ങളും, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും, പൊലീസ് നിഷ്‌ക്രിയത്വവും, മന്ത്രിമാരടക്കമുളളവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഭൂമി കയ്യേറ്റമുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളും, മദ്യലോബിക്ക് മുമ്പിലെ നിര്‍ബാധമായ കീഴടങ്ങലുമെല്ലാം പിണറായി മന്ത്രി സഭയെ സംശയത്തോടെ നോക്കിക്കാണാന്‍ ജനങ്ങളുടെ പ്രേരിപ്പിക്കുന്നു. പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടക്ക് നടന്നത്. ക്രമസമാധാന നില ഇത്രയും തകര്‍ന്ന ഒരു കാലം ഉണ്ടായിട്ടില്ല
5 . ജനങ്ങളുടെ ദുരിതങ്ങള്‍ക്കും, കഷ്ടപ്പാടുകള്‍ക്കും നേരെ ഭരണകൂടങ്ങള്‍ കണ്ണും കാതും പൂട്ടിയിരിക്കുമ്പോള്‍ നമ്മള്‍, ജനാധിപത്യ വിശ്വാസികളുടെ കടമ ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുക എന്നതാണ്
ഹർത്താൽ എങ്ങനെ ?
ഹര്‍ത്താലില്‍ ജനങ്ങളുടെ സ്വമേധയായുള്ള പങ്കാളിത്തമാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്.
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തിയല്ല ഹർത്താൽ നടത്തുന്നത്.ഹര്‍ത്താലിന്റെ വിജയത്തിനായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്തില്ല.
സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ കാരണം അടങ്ങാത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തൊഴിലാളികളും ജീവനക്കാരും കച്ചവട വ്യാപാരി സമൂഹവും സ്വമേധയാ ഹര്‍ത്താലില്‍ പങ്കെടുത്തും വാഹനങ്ങള്‍ സ്വമേധയാ നിരത്തിലിറക്കാതെയും ഈ സമാധാന സമരം വിജയിപ്പിക്കും എന്ന് ഉറപ്പുണ്ട്. കാരണം ജനങ്ങൾ അത്രമേൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ