കൊച്ചി: ഭൂമി വിഷയങ്ങളുടെ പേരില്‍ ഇടുക്കിയില്‍ വീണ്ടും സമരകോലാഹലം. പട്ടയം ക്രമീകരിക്കലുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22, സെപ്റ്റംബര്‍ 25 തീയതികളില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകളുമായി ബന്ധപ്പെട്ടാണു സമരപരമ്പരകള്‍. സമരത്തിന്റെ ഭാഗമായി യുഡിഎഫ് ഇന്ന് ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
ജില്ലയില്‍ മാത്രമായി 1964-ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി ഓഗസ്റ്റ് 22-നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം പട്ടയം ഏതാവശ്യത്തിനാണോ നല്‍കിയത് അതിനു മാത്രമേ ഉപയോഗിക്കാനാവൂ. കൃഷിക്കായി നല്കിയ ഭൂമിയില്‍ വ്യാപാരസ്ഥാപനങ്ങളോ മറ്റു വ്യാവസായിക നിര്‍മാണങ്ങളോ നടത്താന്‍ പാടില്ല. ഏതാവശ്യത്തിനാണോ പട്ടയം നല്‍കിയതെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും മുന്‍പ് വില്ലേജ് ഓഫീസില്‍നിന്നു സമ്പാദിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 14-ന്, ഈ ഉത്തരവ് മൂന്നാറിലെ എട്ടു വില്ലേജുകളിലേക്കു മാത്രമായി ചുരുക്കിയിരുന്നു.
ഉത്തരവ് പുറത്തുവന്നതോടെ സമരകോലാഹലവുമായി യുഡിഎഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. സമരത്തിന്റെ ഭാഗമായി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ 101 പേരുടെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 23നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കി കലക്ടേററ്റിലേക്കു മാര്‍ച്ച് നടത്തി.
പട്ടയത്തില്‍ വരുത്തിയ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നതുവരെ സമരം തുടരുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നു ജില്ലയില്‍ ഹര്‍ത്താലാചരിക്കുന്നത്. നവംബര്‍ നാലിനു യുഡിഎഫ് നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്പില് ധര്‍ണ നടത്തുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
കാലങ്ങളായി ഇടതുപക്ഷവും സര്‍ക്കാരുമായി അടുത്തു പ്രവര്‍ത്തിച്ചിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയും വിവാദ ഉത്തരവിന്റെ പേരില്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ”1964 ഭൂപതിവു ചട്ടത്തില്‍ അടിയന്തിരമായി ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണു ഞങ്ങളുടെ ആവശ്യം. ഇപ്പോള്‍ 1964 ചട്ടപ്രകാരം നല്കുന്ന പട്ടയങ്ങള്‍ വീടുവയ്ക്കാനും കൃഷിക്കും മാത്രമേ ഉപയോഗിക്കാനാവൂ. ഇത് മറ്റു വ്യാവസായിക നിര്‍മാണങ്ങള്‍ കൂടി നടത്താനാവുന്ന വിധത്തില്‍ ഭേദഗതി വരുത്തണം,” ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. ഉത്തവില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കസ്തൂരിരംഗന്‍ കാലത്തേതുപോലെ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.