കൊച്ചി: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡീന്‍ കുര്യാക്കോസ് ഫയെ്സ്ബുക്കിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെതിരെ ഹൈക്കോടതി. ഹര്‍ത്താല്‍ ദിനത്തിലുണ്ടായ നഷ്ടങ്ങള്‍ ഡീനില്‍ നിന്നും ഈടാക്കാന്‍ കോടതി ഉത്തരവിട്ടു. കാസര്‍ഗോഡ് ജില്ലയിലുണ്ടായ നഷ്ടങ്ങള്‍ യുഡിഎഫ് ഭാരവാഹികളായ കമറുദ്ദീന്, ഗോവിന്ദന് നായർ എന്നിവരില്‍ നിന്നും ഈടാക്കാനും നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. അര്‍ധ രാത്രി കഴിഞ്ഞ് ഹര്‍ത്താലിന് ആഹ്വാനം നല്കി ജനങ്ങളെ വലയ്ക്കുകയാണെന്ന് ആരോപിച്ച് ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഈ ഉത്തരവ്.
ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലോ മിന്നല്‍ പണിമുടക്കോ പ്രഖ്യാപിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കാസര്‍ഗോഡ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റരാത്രി കൊണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് ഇപ്പോള്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച നടപടിയില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന് ബെഞ്ചാണ് കേസെടുത്തത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഈ ഉത്തരവ് ലംഘിച്ചതിനാലാണ് നടപടി.