തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമരപരിപാടികള്‍ നടത്താന്‍ യുഡിഎഫ് തീരുമാനം. സര്‍ക്കാരിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മേയ് രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തയാറെടുക്കുന്നത്.
ബജറ്റിലെ നികുതി വര്‍ധന, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം തുടങ്ങിയ വിഷങ്ങളിലെല്ലാം പ്രതിപക്ഷം വലിയ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടിയെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യോഗം വിലയിരുത്തി. ആര്‍എസ്പി വിമര്‍ശനത്തെത്തുടര്‍ന്ന് എല്ലാ മാസവും യുഡിഎഫ് യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു.
സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെയാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. വി.ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മേയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് രണ്ടാംവാരം സെക്രട്ടേറിയറ്റിന് പുറത്ത് സമരം ശക്തമാകളകാനാണ് യുഡിഎഫ് തീരുമാനം.