പാല: പാലാ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി നിഷ ജോസ് കെ.മാണി മത്സരിക്കുമെന്നാണ് സൂചന. നിഷയുടെ പേരിനാണ് ആദ്യം മുതലേ പരിഗണന നല്‍കിയിരുന്നത്. ഇന്ന് ഉച്ചകഴിഞ്ഞായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. നിഷ സ്ഥാനാര്‍ഥിയായാല്‍ പി.ജെ.ജോസഫ് വിഭാഗം സ്വീകരിക്കുന്ന നിലപാടായിരിക്കും പാലായുടെ ഗതി നിര്‍ണയിക്കുക.

സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ജോസ് കെ.മാണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഇന്ന് ഉച്ചവരെ ചര്‍ച്ചകള്‍ തുടരുമെന്നും അതിനു ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക എന്നുമാണ് കഴിഞ്ഞ ദിവസം ജോസ് കെ.മാണി പറഞ്ഞത്.

Read Also: യുഡിഫും എല്‍ഡിഎഫും ശാപവും ബാധ്യതയുമാണ്: ശ്രീധരന്‍ പിള്ള

നിഷയെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറല്ലെന്നാണ് സൂചന. പരോക്ഷമായി നേരത്തെ തന്നെ പി.ജെ.ജോസഫ് നിഷയുടെ സ്ഥാനാര്‍ഥിത്വം തള്ളിയിരുന്നു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്കു മാത്രമേ പാര്‍ട്ടി ചിഹ്നം നല്‍കൂ എന്നാണ് പി.ജെ.ജോസഫ് നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. പി.ജെ.ജോസഫിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ.മാണി വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും തമ്മില്‍ ധാരണയായാല്‍ മാത്രമേ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് നടക്കൂ.

അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കാനാണു സാധ്യത. ബിജെപിയാണ് സീറ്റില്‍ മത്സരിക്കുക. മുന്നണി ഒന്നിച്ചെടുത്ത തീരുമാനമാണിതെന്ന് ബിജെപി അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മാണി സി.കാപ്പന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ട് രണ്ടു ദിവസം പിന്നിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.