പാലാ: സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നെങ്കിലും തങ്ങള്‍ക്ക് സ്വീകാര്യനായ സ്ഥാനാര്‍ഥിയെ തീരുമാനിക്കാത്തതില്‍ പി.ജെ.ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കേണ്ട എന്ന നിലപാടിലാണ് പി.ജെ.ജോസഫ് വിഭാഗം.
രണ്ടില ചിഹ്നം പി.ജെ.ജോസഫിന്റെ ഔദാര്യമല്ല എന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞിരുന്നു. ഇതാണ് പി.ജെ.ജോസഫിനെ ചൊടിപ്പിച്ചത്. രണ്ടില ചിഹ്നം വേണ്ട എന്നല്ലേ സ്ഥാനാര്‍ഥി പറഞ്ഞത്. അതുകൊണ്ട് രണ്ടില ചിഹ്നം അനുവദിക്കില്ല എന്ന് പി.ജെ.ജോസഫ് തുറന്നടിച്ചു.
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമോ എന്ന ചോദ്യത്തിനു ‘വിജയത്തിനായി ശ്രമിക്കും’ എന്ന് മാത്രമാണ് പി.ജെ.ജോസഫ് മറുപടി നല്‍കിയത്. വിജയസാധ്യത നോക്കാതെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം അംഗീകരിക്കുമെന്നും എന്നാല്‍, വിജയസാധ്യത പരിഗണിക്കാതെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതെന്നും പി.ജെ.ജോസഫ് പക്ഷം ആരോപിക്കുന്നു.
Read Also: സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്നുവെന്ന് പിജെ ജോസഫ്; ചിഹ്നത്തില്‍ തര്‍ക്കം ബാക്കി
പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ രണ്ടില ചിഹ്നം അനുവദിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ യുഡിഎഫും അതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ജോസ് കെ.മാണിയും പി.ജെ.ജോസഫും രണ്ടില ചിഹ്നത്തിനായി ഒന്നിച്ച് ആവശ്യപ്പെടണമെന്നാണ് യുഡിഎഫ് നിലപാട്.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തിയുള്ള പി.ജെ.ജോസഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എത്രത്തോളം സജീവമാകുമെന്ന കാര്യത്തിലും സംശയമാണ്. സ്ഥാനാർഥിയുടെ വിജയത്തിനായി പരിശ്രമിക്കുമെന്ന് പി.ജെ.ജോസഫ് പറയുന്നുണ്ടെങ്കിലും സ്ഥാനാർഥിയുടെ കാര്യത്തിൽ അദ്ദേഹം പൂർണ തൃപ്തനല്ല.