മഞ്ചേശ്വരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് സർവകക്ഷി സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. സിബിഐ അന്വേഷണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു ബഹിഷ്കരണം. കാസർഗോഡ് മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. സികെ ശ്രീധരൻ, കെ.പി കുഞ്ഞിക്കണ്ണൻ, എം.സി. കമറുദ്ദീൻ തുടങ്ങിയവരാണ് യുഡിഎഫിനെ പ്രതിനിധികരിച്ച് ചർച്ചയ്ക്കെത്തിയത്.
Also Read: ഇടുക്കിയെ ഞെട്ടിച്ച് വീണ്ടും കര്‍ഷക ആത്മഹത്യ
കേരളത്തിന് പുറത്തുള്ള അന്വേഷണ ഏജൻസി എന്ന നിലയിൽ സിബിഐ അന്വേഷണമല്ലാതെ മറ്റ് ഒത്തുതീർപ്പിന് കോൺഗ്രസ് തയാറല്ലെന്നും ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മന്ത്രി തയാറാവാത്തതിനാലാണ് യോഗം ബഹിഷ്കരിച്ചതെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. എന്നാൽ സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് നേതാക്കൾ ചർച്ചക്ക് പോലും നിൽക്കാതെ ഇറങ്ങി പോവുകയായിരുന്നുവെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
അതേസമയം പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ മുഖ്യ പ്രതിയായ പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. പൊലീസ് തന്നെ മർദിച്ച് സമ്മതിപ്പിച്ചതാണെന്നായിരുന്നു പീതാംബരന്‍ കോടതിയില്‍ പറഞ്ഞത്. പൊലീസ് ഭീഷണിപ്പെടുത്തിയതായും പീതാംബരന്‍ പറഞ്ഞു. കേസില്‍ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരന്‍, സജി ജോര്‍ജ്, ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.