കണ്ണൂർ: ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ വിളിച്ചുചേർത്ത സമാധാന യോഗത്തിൽ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി. എംഎൽഎമാരെ പങ്കെടുപ്പിക്കാതിരുന്നതും അതേസമയം തന്നെ രാജ്യസഭാ എംപിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യോഗത്തിൽ പങ്കെടുത്തതുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിലായിരുന്നു യോഗം. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുക്കാനെത്തി. എന്നാൽ യോഗം തുടങ്ങി അൽപ സമയത്തിനകം തന്നെ നേതാക്കൾ തമ്മിൽ വാക്‌പോര് ഉണ്ടായി. പി.ജയരാജനും സതീശൻ പാച്ചേനിയും തമ്മിലായിരുന്നു വാക്കേറ്റം. കെ.കെ.രാഗേഷ് എംപിയെ വേദിയിൽ ഇരുത്തിയതായിരുന്നു പ്രശ്നം.

മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയാണ് ക്ഷണിച്ചത്. ഓരോ പാർട്ടിയിൽ നിന്നും രണ്ട് പേർ വീതമാണ് പങ്കെടുത്തത്. എംഎൽമാരെ ക്ഷണിച്ചില്ല. അതേസമയം സിപിഎം നേതാക്കളായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, രാജ്യസഭാംഗം കെ.കെ.രാഗേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കെ.കെ.രാഗേഷിനെ വേദിയിൽ കണ്ടതോടെയാണ് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. സതീശൻ പാച്ചേനി ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സിപിഎം പ്രതിനിധിയായി എത്തിയ ജില്ലാ സെക്രട്ടറി പി.ജയരാജൻ മറുപടിയുമായി എഴുന്നേറ്റു. ഇത് കൂടുതൽ പ്രതിഷേധത്തിന് കാരണമായി. തങ്ങളെ അപമാനിക്കുകയാണ് മന്ത്രി ചെയ്തതെന്ന് സതീശൻ പാച്ചേനി ആരോപിച്ചു.

പിന്നാലെ എംഎൽഎമാരായ കെ.എം.ഷാജി, കെ.സി.ജോസഫ് എന്നിവർ യോഗ ഹാളിലേക്ക് കടന്നുവന്നു. ഇവരും മന്ത്രിയോട് ചോദ്യങ്ങളുന്നയിച്ചു. ജനപ്രതിനിധികളുടെ യോഗം പിന്നീട് വിളിച്ചു ചേർക്കുമെന്നും ഇത് രാഷ്ട്രീയകക്ഷികളുടെ യോഗമാണെന്നും മന്ത്രി പറഞ്ഞു. സർവ്വകക്ഷി യോഗം നടത്തുമ്പോൾ രാജ്യസഭാംഗത്തെ പങ്കെടുപ്പിക്കണമെന്ന നിബന്ധനയുളളത് കൊണ്ടാണ് കെ.കെ.രാഗേഷിനെ പങ്കെടുപ്പിച്ചതെന്നാണ് മന്ത്രി എ.കെ.ബാലൻ വിശദീകരണം നൽകിയത്.

എന്നാൽ ഇതിൽ തൃപ്തരാകാതെ കോൺഗ്രസും മറ്റ് യുഡിഎഫ് ഭാരവാഹികളും യോഗം ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ