scorecardresearch

വീപ്പയിൽ ദൈവം അവശേഷിപ്പിച്ച ആ തെളിവ്, "ആറര സെന്റിമീറ്റർ നീളമുളള സ്ക്രൂ"

കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പൊലീസ് എടുത്തത് വെറും 20 ദിവസം മാത്രം

കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പൊലീസ് എടുത്തത് വെറും 20 ദിവസം മാത്രം

author-image
Kiran Gangadharan
അപ്‌ഡേറ്റ് ചെയ്‌തു
New Update
വീപ്പ കൊലക്കേസ്; ശകുന്തളയുടെ മകൾ അശ്വതിയെ പൊലീസ് അറസ്റ്റ് ചെയ്തേക്കും

കൊച്ചി: ഉദയംപേരൂർ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിൽ കോൺക്രീറ്റ് മിശ്രിതം കലർത്തി ഒളിപ്പിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. കേരളത്തിൽ അടുത്ത കാലത്ത് നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ പിന്നിലെ കുറ്റവാളികളിലേക്കും പൊലീസ് അന്വേഷണം എത്തിക്കഴിഞ്ഞു.

Advertisment

എന്നാൽ ഈ അന്വേഷണത്തിന്റെ ചുരുളഴിച്ചത് വെറും ആറര സെന്റിമീറ്റർ മാത്രം നീളമുളള ഒരു ചെറിയ സ്ക്രൂ ആണ്. വീപ്പയിൽ ദൈവം അവശേഷിപ്പിച്ച കുറ്റവാളിയിലേക്കുളള തുമ്പായി അത് മാറി. പോസ്റ്റുമോർട്ടത്തിൽ കാലിലെ അസ്ഥികൾ കഴുകിയപ്പോൾ ലഭിച്ച ഈ സ്ക്രൂവിലൂടെയാണ് വീപ്പയിൽ കണ്ടെത്തിയ മൃതദേഹം ഉദയംപേരൂർ സ്വദേശിനിയുടെതാണെന്ന് വ്യക്തമായത്.

ജനുവരി ഏഴിന് കുമ്പളത്ത് പൊതുശ്മശാനത്തോട് ചേർന്നുളള വലിയ പറമ്പിന്റെ കായലിനോട് ചേർന്നുളള ഭാഗത്താണ് വീപ്പ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ദുർഗന്ധം വമിച്ച വീപ്പയുടെ അകത്ത് മൃതദേഹമാണെന്ന് കണ്ടെത്തിയത്.  വീപ്പ പൊളിച്ചപ്പോൾ കോൺക്രീറ്റ് മിശ്രിതം കൊണ്ട് മൂടിയ നിലയിലായിരുന്നു ശകുന്തളയുടെ അസ്ഥികൂടം ഉണ്ടായിരുന്നത്.

വീപ്പയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; കൊലപാതകിയെ തിരിച്ചറിഞ്ഞു

വീപ്പയിൽ കോൺക്രീറ്റ് നിറച്ച് മൃതദേഹം തലകീഴായി വച്ച ശേഷം കാലുകൾ മടക്കി ഇതിനകത്തേക്ക് കയറ്റുകയായിരുന്നു. പിന്നീട് മൃതദേഹത്തിന് മുകളിൽ രണ്ട് നിരയായി ഇഷ്ടികകൾ നിറച്ചു. വീപ്പയിൽ ഒഴിഞ്ഞ ഭാഗത്തേക്കെല്ലാം കോൺക്രീറ്റ് മിശ്രിതം ഒഴിക്കുകയും ചെയ്തു.

Advertisment

മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത കൊച്ചി കളമശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ ഡോ. ഉന്മേഷ് എകെ യുടെ നേതൃത്വത്തിലുളള സംഘം ചുറ്റിക ഉപയോഗിച്ച് കോൺക്രീറ്റ് കട്ടകൾ പൊട്ടിച്ചാണ് അസ്ഥികൾ പുറത്തെടുത്തത്.

"വളരെ സൂക്ഷിച്ചാണ് ഇഷ്ടികയും കോൺക്രീറ്റും നിറഞ്ഞ കട്ടകളിൽ നിന്ന് അസ്ഥികൾ വേർപെടുത്തിയത്. അത് പിന്നീട് കഴുകി വൃത്തിയാക്കി. അപ്പോഴാണ് സ്ക്രൂ ശ്രദ്ധയിൽപെട്ടത്. ഇത്തരം സ്‌ക്രൂ അധികം ഉപയോഗിക്കുന്നവയല്ല. ഇതിന്റെ വിശദാംശങ്ങൾ തേടിയതാണ് മരിച്ചയാളെ തിരിച്ചറിയുന്നതിൽ നിർണ്ണായകമായത്," കളമശേരി മെഡിക്കൽ കോളേജിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

കണങ്കാലിലെ അസ്ഥിയിലാണ് സ്ക്രൂ കണ്ടെത്തിയത്. പൊട്ടലുണ്ടായിരുന്ന അസ്ഥികൾ കൂടിച്ചേരാതിരുന്നതോടെ ശസ്ത്രക്രിയ നടന്ന് മാസങ്ങൾക്കുളളിൽ മരണം നടന്നെന്ന് വ്യക്തമായി.

ആദ്യം ഡോക്ടർമാർ തങ്ങളുടെ ക്യാമറയിൽ ഈ മാളിയോലാർ സ്ക്രൂവിന്റെ ചിത്രമെടുത്ത് സൂം ചെയ്ത് നോക്കിയെങ്കിലും ഇതിൽ രേഖപ്പെടുത്തിയിരുന്നത് കണ്ടെത്താനായില്ല. പിന്നീട് പൊലീസിനെ വിവരമറിയിച്ച്, അവരുടെ ഹൈ റെസൊല്യൂഷൻ ക്യാമറയിൽ സ്ക്രൂവിന്റെ ചിത്രമെടുത്തു.

Read More: വീപ്പയിലെ അസ്ഥികൂടം; കേരളത്തെ നടുക്കിയ കൊലപാതകത്തിന്റെ പ്രേരണ ജപ്പാനിൽ നിന്നോ?

പിറ്റ്കാർ എന്ന പൂനെ ആസ്ഥാനമായ കമ്പനിയാണ് സ്ക്രൂ നിർമ്മിച്ചതെന്ന് വ്യക്തമായി. ഈ സ്ക്രൂവിന്റെ ബാച്ച് നമ്പറിൽ വരുന്ന 306 മാളിയോലാർ സ്ക്രൂവാണ് കമ്പനി ആകെ നിർമ്മിച്ചിരുന്നത്. ഇതിൽ 12 എണ്ണം വിറ്റത് കേരളത്തിലും. അതിൽ തന്നെ ആറ് എണ്ണം എറണാകുളത്തായിരുന്നു. കേരളത്തിൽ വിറ്റഴിക്കപ്പെട്ട 12 സ്ക്രൂവിന്റെയും ഉടമകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.

ഇതിൽ ഒരാളെ മാത്രം കണ്ടെത്താനായില്ല. അത് ശകുന്തളയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇവർ പിന്നീട് തുടർചികിത്സയ്ക്ക് വന്നിരുന്നില്ലെന്നും പൊലീസിന് വ്യക്തമായി. മൃതദേഹം കണ്ടെത്തി 20 ദിവസത്തിനകം തന്നെ മരിച്ചയാളെ തിരിച്ചറിഞ്ഞെങ്കിലും, ഒന്നുകൂടി ഉറപ്പിക്കുന്നതിനായി പൊലീസ് ഡിഎൻഎ പരിശോധന ഫലത്തിന് കാത്തു.

മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ശകുന്തളയ്ക്ക് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റിരുന്നു. കണങ്കാലിലെ അസ്ഥികളാണ് ഈ അപകടത്തിൽ വിട്ടുപോയത്.

ഈ സ്ക്രൂ ലഭിച്ചിരുന്നില്ലെങ്കിൽ കേരളത്തിൽ കണങ്കാലിന് ശസ്ത്രക്രിയ നടത്തിയവരുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് തേടേണ്ടി വന്നേനെ. കേരളത്തിലെ നൂറ് കണക്കിന് ആശുപത്രികളിൽ നടന്ന ഇത്തരം ശസ്ത്രക്രിയകളുടെ വിശദാംശങ്ങൾ ശേഖരിച്ചാലും ആളെ കണ്ടെത്താൻ സാധിക്കുമെന്ന ഉറപ്പൊന്നും ഇല്ലായിരുന്നു.

ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഉദയംപേരൂരിൽ ആത്മഹത്യ ചെയ്ത തൃപ്പൂണിത്തുറ ഏരൂർ സ്വദേശി സജിത്താണ് കൊലപാതകം നടത്തിയതെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. സജിത്ത്, കൊല്ലപ്പെട്ട ശകുന്തളയുടെ മകളുടെ കാമുകനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സജിത്ത് മരിച്ച സാഹചര്യത്തിൽ ശകുന്തളയുടെ മകളെ കേന്ദ്രീകരിച്ചാവും പൊലീസ് അന്വേഷണം മുന്നോട്ട് പോവുക. എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

Murder Case Kochi City Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: