/indian-express-malayalam/media/media_files/uploads/2017/04/sp-udayakumar.jpg)
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്ക്കരിക്കുന്നതായി കൂടംങ്കുളം ആണവനിലയവിരുദ്ധ സമിതി നായകനും ആണവോർജ്ജ വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ കോ ഓർഡിനേറ്ററുമായ എസ് പി ഉദയകുമാർ.
കേരളപൊലീസിനെയും മുഖ്യമന്ത്രിയെയും ഓർത്ത് ലജ്ജിക്കുന്നുവെന്ന് തലക്കെട്ടിലെഴുതിയ ഫെയ്സ് ബുക്ക് കുറിപ്പിലാണ് ഉദയകുമാർ ഇക്കാര്യം വ്യക്തമാക്കുന്നു.
തിരുവല്ലയിൽ നടക്കുന്ന ഡൈനാമിക് ആക്ഷൻ മാഗസിനിന്റെ 50 വാർഷികാഘോഷവും എം ജെ ജോസഫിന്റെ 85 ആം ജന്മവാർഷികാചരണ പരിപാടികളുടെ ഭാഗമായി പങ്കെടുക്കേണ്ട പരിപാടിയാണ് ബഹിഷക്കരിക്കുന്നതെന്ന് ഉദയകുമാർ അറിയിച്ചു. തന്റെ മനഃസാക്ഷിയും ധാർമ്മികതയും അനുവദിക്കാത്ത സാഹചര്യത്തിലാണ് പരിപാടിയിൽ നിന്നും പിൻവാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇറോം ശർമ്മിള പങ്കെടുക്കുന്ന പരിപാടിയായതിനാൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വിചാരിച്ചിരുന്നതാണ്. എന്നാൽ മനുഷൻ എന്ന നിലയിൽ ഇന്ത്യൻ പൗരൻ എന്ന നിലയിലും രണ്ട് ആൺകുട്ടികളുടെ പിതാവു കൂടിയായ ഞാൻ ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിയുടെ ക്രൂരമായ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടിച്ചില്ലെന്ന് മാത്രമല്ല, അതിലും മോശമായ രീതിയിൽ നീതി തേടിയെത്തിയ അമ്മയ്ക്കെതിരെ ക്രൂരമായ നടപടികളാണ് പൊലീസ് സ്വീകരിച്ചതെന്നും ഉദയകുമാർ കുറ്റപ്പെടുത്തുന്നു.
ഇതേ സമയം തന്നെ ആലപ്പുഴയിൽ അനന്തു എന്ന പ്ലസ് ടു വിദ്യാർത്ഥി ആർ എസ് എസുകാരാൽ കൊല്ലപ്പെട്ടു. നേരത്തെ ആർ എസ് എസ് പരിപാടികളിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥിയാണ് അവരാൽ കൊല്ലപ്പെട്ടിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സംസ്കാരം കുട്ടികൾ പോലും കൊല്ലപ്പെടുന്ന തരത്തിൽ ക്രിമിനൽവത്കരിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ധാർമ്മികതയോടെയും മനഃസാക്ഷിയോടും മുഖ്യമന്ത്രിക്ക് സമീപം ഇരിക്കാൻ എനിക്ക് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് പരിപാടി ബഹിഷ്ക്കരികാൻ തീരുമാനിച്ചത്.
ഇങ്ങനെയൊരു സാഹചര്യത്തിൽ പരിപാടിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നതിൽ സംഘാടകരോട് ക്ഷമ ചോദിക്കുന്നു. കേരളത്തിൽ നടക്കുന്ന പക കൊലപാതക പരമ്പരകൾ കേരള സർക്കാരിനും മുഖ്യമന്ത്രിക്കും നാണക്കേടാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽകേരളത്തെ പോലെ മനോഹരവും സാംസ്കാരവുമുളള ഒരു സംസ്ഥാനം രാഷ്ട്രീയ കൊലപാതകങ്ങൾ പ്രത്യേകിച്ച് കുട്ടികളെ കൊലപ്പെടുത്തുന്നത് തടയാനാവശ്യമയാതെല്ലാം ചെയ്യാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണമെന്നും ഉദയകുമാർ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.