scorecardresearch
Latest News

യൂബർ സമരം; കൊച്ചിയിൽ തൊഴിലാളി നേതാവിന് മർദ്ദനം; മാധ്യമപ്രവർത്തകനെ തടഞ്ഞുവച്ചു

യൂബർ ഡ്രൈവർക്കെതിരെ ലഭിച്ച പരാതിയെ കുറിച്ച് അന്വേഷിക്കാൻ പോയപ്പോഴാണ് മർദ്ദനം.

Kochi Uber, Uber Protest In Kochi, Uber Taxi Drivers in Kerala, Uber Taxi protest In Kerala,

കൊച്ചി: യൂബർ ഓൺലൈൻ ടാക്‌സി സമരം തുടരുന്നതിനിടെ കൊച്ചിയിൽ ഇന്ന് തൊഴിലാളി നേതാവിന് മർദ്ദനമേറ്റതായി പരാതി. സിപിഐ ലോക്കൽ കമ്മിറ്റിയംഗവും എസ്ഇഡിയു എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ റിഷിത്ത്‌ രാജു (28) നാണ് മർദ്ദനമേറ്റത്. അതേസമയം സ്ഥലത്തെ സംഘർഷത്തിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച ഡെക്കാൻ ക്രോണിക്കിളിന്റെ ഫോട്ടോഗ്രാഫറെ തടഞ്ഞുവച്ചു.

പരുക്കേറ്റ റിഷിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരമാണ് ഇദ്ദേഹത്തിന് മർദ്ദനമേറ്റത്. കൊച്ചിയിലെ യൂബർ ഓഫീസിൽ, സമരത്തിൽ പങ്കെടുക്കുന്ന യൂബർ ഡ്രൈവർക്കെതിരെ ലഭിച്ച പരാതിയെ കുറിച്ച് അന്വേഷിക്കാൻ പോയപ്പോഴാണ് മർദ്ദനം.

“കഴിഞ്ഞ ദിവസം ഞങ്ങളുടെ ഒരു പ്രവർത്തകനും യൂബർ ഡ്രൈവറുമായ ലാസർ, സമരത്തിൽ പങ്കെടുക്കാത്ത ഓൺലൈൻ ടാക്‌സി ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതിയുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ല. പരാതിയെ കുറിച്ച് അറിയാനാണ് സംഘടനാ നേതാവെന്ന നിലയിൽ റിഷി അവിടേക്ക് പോയത്. എന്നാൽ ഓഫീസിലുണ്ടായിരുന്ന രണ്ട് പേർ ചേർന്ന് അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു,” സംയുക്ത സമര സമിതി ഭാരവാഹിയായ ജിജോ പറഞ്ഞു.

“26 ശതമാനം കമ്മിഷനാണ് യൂബർ ഞങ്ങളിൽ നിന്ന് ഈടാക്കുന്നത്. ഇതിന് പുറമെ മറ്റ് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഞങ്ങളുടെ പണം പിടിച്ചുപറിക്കുകയാണ്. യാത്രക്കാർക്ക് എതിരായല്ല, ഞങ്ങളുടെ കുടുംബം പുലർത്താൻ വേതനത്തിന് വേണ്ടിയാണ് ഈ സമരം. എന്നാൽ ഇതുവരെയും ഒരു ചർച്ചയ്‌ക്ക് പോലും തയ്യാറാകില്ലെന്ന നിലപാടിലാണ് യൂബർ അധികൃതർ ഉളളത്,” സമര സമിതി ഭാരവാഹിയായ പി.ജെ.പോൾസൺ പ്രതികരിച്ചു.

റിഷിത്തിനെ ആക്രമിച്ച കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി ജിജോ പറഞ്ഞു. എന്നാൽ കടവന്ത്ര പൊലീസ് ഇക്കാര്യം നിഷേധിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റിഷിത്തിനെ കണ്ട് മൊഴിയെടുത്തിട്ടുണ്ട്. അയാൾ ഓഫീസിൽ ചെന്നപ്പോൾ അവിടെ ഇരുപക്ഷവും തമ്മിൽ നടന്ന സംഘർഷമാണ്. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും കേസ് റജിസ്റ്റർ ചെയ്യുന്നതേയുളളൂവെന്നും പൊലീസ് പറഞ്ഞു.

അതേസമയം സംഘർഷത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഡെക്കാൻ ക്രോണിക്കിൾ ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫർ അരുൺ ചന്ദ്രബോസിനെ സമരക്കാർ തടഞ്ഞുവച്ചു. “യോഗ ദിനാഘോഷത്തിന്റെ ചിത്രമെടുത്ത ശേഷം തിരികെ വരികയായിരുന്നു ഞാൻ. യൂബർ ഓഫീസിന് മുന്നിൽ സംഘർഷം കണ്ടാണ് ചിത്രമെടുത്തത്. യൂബർ ഡ്രൈവർമാർ ചേർന്ന് യൂബർ ഈറ്റ്സ് തൊഴിലാളിയായ ഒരു ചെറുപ്പക്കാരനെ മർദ്ദിക്കുന്നതാണ് കണ്ടത്. സംഭവത്തിന്റെ ചിത്രം ഞാൻ പകർത്തി. ഈ സമയത്താണ് ഇവർ എനിക്ക് നേരെ തിരിഞ്ഞത്,” അരുൺ ചന്ദ്രബോസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“ക്യാമറയിൽ ഞാൻ പകർത്തിയ ചിത്രം ഡിലീറ്റ് ചെയ്യണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ ഞാനതിന് തയ്യാറായില്ല. അവർ പിന്നീടെന്നെ അവിടെ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് വന്ന ശേഷം അവർ ഈ ആവശ്യം എസ്ഐയോടും ഉന്നയിച്ചു. എന്നാൽ എസ്ഐയും ഇത് സാധിക്കില്ലെന്ന് നിലപാടെടുത്തു.” അരുൺ വിശദീകരിച്ചു. എന്നാൽ ഡ്രൈവർമാർ തന്നെ മർദ്ദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Uber taxi drivers strike trade union leader attacked in kochi kerala