കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ തനിക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂബർ ഡ്രൈവർ ഷെഫീഖ് ഹൈക്കോടതിയെ സമീപിക്കും. സംഭവത്തിൽ യാത്രക്കാരികളായ യുവതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

പട്ടാപ്പകൽ നഗരമധ്യത്തിൽ വച്ച് നടന്ന ആക്രമണത്തിൽ നാട്ടുകാർ നോക്കിനിൽക്കെയാണ് തന്നെ മർദിച്ചതെന്ന് ഷെഫീഖ് പറഞ്ഞു. സംഭവത്തിന്റെ ദൃക്‌സാക്ഷി മൊഴികളും ദൃശ്യങ്ങളും ഉണ്ടായിട്ടും പൊലീസ് പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസും റജിസ്റ്റർ ചെയ്തെന്നും ഇദ്ദേഹം പരാതിയിൽ പറയുന്നു.

അതേസമയം, ഷെഫീക്കിനെ ആക്രമിച്ച യുവതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തി. ഇന്ന് രാവിലെ 11 മണിക്ക് പ്രവർത്തകർ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. കേസിൽ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചത് എന്തിനെന്ന് വിശദമാക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ