കൊച്ചി: യൂബർ ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ ആവശ്യം പരിഗണിച്ച് യൂബർ മിനിമം ചാർജ് വർദ്ധിപ്പിച്ചു. രാത്രി യാത്രയ്‌ക്കുളള നിരക്കാണ് വർദ്ധിപ്പിച്ചത്. രാത്രി 9 മണി മുതൽ രാവിലെ ഏഴ് മണി വരെയുളള യാത്രയ്‌ക്ക് ഇനി 80 രൂപയാണ് മിനിമം ചാർജ്.
ഇക്കഴിഞ്ഞ ജൂൺ 19 മുതൽ 23 വരെ ഡ്രൈവർമാർ നടത്തിവന്ന സമരം സർക്കാർ ഇടപെടലിനെ തുടർന്നാണ് താത്കാലികമായി പിൻവലിച്ചത്. ഇവർ ഉയർത്തിയ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചാണ് യൂബർ കമ്പനി അധികൃതർ സമരം അവസാനിപ്പിച്ചത്. ഡ്രൈവർമാർ ഉന്നയിച്ച 13 ആവശ്യങ്ങൾ അവർ അംഗീകരിച്ചു.
രാത്രി 9 മുതൽ രാവിലെ 7 മണി വരെ കിലോമീറ്ററിന് 10.50 രൂപ വച്ച് വർദ്ധിക്കും. മിനിറ്റിന് 1.58 രൂപയാണ് വെയിറ്റിങ് ചാർജ്. വിമാനത്താവളത്തിലേക്കുളള ട്രിപ്പുകൾക്ക് നിശ്ചിത കിലോമീറ്ററിന് മിനിമം ചാർജ് നടപ്പിലാക്കും. നഗരത്തിനകത്തുളള സർവ്വീസുകൾക്ക് 10 മുതൽ 20 ശതമാനം വരെ വർധനവ് വരുത്തും.
വിമാനത്താവളത്തിലേക്കുളള സർവീസിന് എയർപോർട്ട് കൺവീനിയൻസ് ഫീ തിരികെ കൊണ്ടുവരും. ഇനി മുതൽ എല്ലാ സെഡാൻ കാറുകളും പ്രീമിയം വിഭാഗത്തിലാക്കും. സമരവുമായി ബന്ധപ്പെട്ട് അക്രമങ്ങളിൽ ഏർപ്പെടാതെ അക്കൗണ്ട് ബ്ലോക്കായ ഡ്രൈവർമാർക്ക് ഇത് പരിശോധിച്ച് തുറന്നുകൊടുക്കും.
ലൈംഗിക അതിക്രമം ഒഴികെ ഡ്രൈവർമാർക്ക് എതിരെ വരുന്ന പരാതിയിൽ ഡ്രൈവറുടെ കൂടി ഭാഗം കേട്ടേ നടപടിയെടുക്കൂ. നാല് മുന്നറിയിപ്പുകൾക്ക് ശേഷമേ ഇനി ഡ്രൈവർമാരുടെ അക്കൗണ്ട് പൂർണമായും റദ്ദാക്കൂ. ഇതുവരെ പുറത്താക്കപ്പെട്ട എല്ലാ ഡ്രൈവർമാരെയും അവരുടെ കൂടി ഭാഗം കേട്ട ശേഷം തിരികെയെടുക്കാമെന്നും തീരുമാനിച്ചിട്ടുണ്ട്.
കസ്റ്റമർ ആപ്ലിക്കേഷനിൽ എല്ലാ കാറ്റഗറി വാഹനങ്ങളും കാണുന്നതിനും ആവശ്യമായവ ഉപയോഗിക്കുന്നതിന് വേണ്ട പരിശീലനം ഓൺലൈനായി കസ്റ്ററ്റമർക്ക് നൽകും. ഇനി മുതൽ കൊച്ചിയിൽ ട്രിപ് നിയന്ത്രണം ഏർപ്പെടുത്തില്ല. ഉപഭോക്താവിന് ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾ ഏറ്റവും അടുത്തുളള വാഹനം ലഭിക്കും.