യൂബർ ടാക്സിയിൽ അമേരിക്കക്കാരൻ ഡേവിഡ് മറന്നുവച്ച പണവും പാസ്പോർട്ടും അടക്കമുള്ള പഴ്സ്, തിരികെ നൽകാൻ മാത്രം അരൂർ സ്വദേശി മനു ഫോർട്ട്കൊച്ചിയിൽ കിടന്ന് കറങ്ങിയതറിഞ്ഞാൽ ആരായാലും പറയും ഈ വാക്ക്. പ്രൗഡ് ഓഫ് യു മൈ ബോയ് എന്ന ഡേവിഡിന്റെ വാക്കുകളിൽ ഇന്ന് പ്രകടമായത് പറഞ്ഞറിയിക്കാനാകാത്തത്രയും സന്തോഷമാണ്.

ഭൂലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി ഉണ്ടെന്നാണ് സ്വതവേ പറയുക. പുറംനാട്ടിൽ വച്ച് മലയാളിയെ കണ്ടാൽ ഒരിക്കലും വിശ്വസിക്കരുതെന്ന് മറ്റൊരു അപായ സൂചനയും അതോടൊപ്പം നമ്മൾ തന്നെ പറഞ്ഞുപഠിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയിൽ നിന്ന് കൊച്ചി കാണാനെത്തിയ ഡേവിഡ്, ഒരിക്കലും ഇനി ഒരു മലയാളിയെയും അവിശ്വസിക്കാൻ തരമില്ല.

“എത്ര ശുദ്ധ ഹൃദയരും വിശ്വസിക്കാൻ പറ്റുന്നവരുമാണ് മലയാളികൾ എന്ന് ഈ അനുഭവത്തിലൂടെ എനിക്ക് മനസിലായി”, പഴ്സ് തിരികെ ലഭിച്ച സന്തോഷം ഐഇ മലയാളത്തോട് പങ്കുവച്ച ഡേവിഡ് പറഞ്ഞു.

അമേരിക്കയിലെ സാന്റിയാഗോ എന്ന സ്ഥലത്ത് നിന്നും കേരളം കാണാനെത്തിയ ഡേവിഡും കുടുംബവും അരൂരിലെ ഹോട്ടലിലാണ് താമസിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. അരൂരിൽ നിന്ന് യൂബർ ടാക്സി ബുക് ചെയ്താണ് ഡേവിഡുൾപ്പടെ നാലംഗ സംഘം അരൂർ വാഴക്കാട്ട് മനുവിന്റെ കാറിൽ കയറിയത്. ഫോർട്ട് കൊച്ചിയിലേക്കായിരുന്നു യാത്ര. അരൂരിൽ നിന്ന് പത്ത് മണിയോട് കൂടി യാത്ര പുറപ്പെട്ട സംഘം പതിനൊന്ന് മണിയോട് കൂടി ഫോർട്ടുകൊച്ചിയിലെത്തി.

ഖിസ കഫെയ്ക്ക് മുന്നിലായിരുന്നു സംഘം യാത്ര അവസാനിപ്പിച്ചത്. പണം വാങ്ങി, അടുത്ത യാത്രക്കാരുടെ അടുത്തേക്ക് പോയ മനു, വഴി മനസിലാകാതെ ഫോർട്ട്കൊച്ചിയിൽ കുറച്ച് നേരം വട്ടം കറങ്ങി. വണ്ടി റിവേഴ്സ് എടുക്കാൻ നോക്കുമ്പോഴാണ് പുറകിലെ സീറ്റിൽ കിടന്നിരുന്ന പഴ്സ് മനുവിന്റെ ശ്രദ്ധയിൽ പെട്ടത്.

“ഞാൻ നോക്കുമ്പോൾ പേഴ്സ് ഉണ്ട്. വഴിയും മനസിലാകാതെ വന്നതും പഴ്സ് കണ്ടതും എല്ലാമായപ്പോൾ ഞാൻ രണ്ടാമത്തെ ട്രിപ്പ് വേണ്ടെന്ന് വച്ചു. പേഴ്സ് തുറന്നപ്പോൾ അതിൽ ഏഴായിരം രൂപയുടെ ഇന്ത്യൻ കറൻസിയും, കുറേയധികം നൂറിന്റെ ഡോളറുകളും കണ്ടു. പിന്നെ എടിഎം കാർഡുകളും പാസ്പോർട്ടും ഇതിലുണ്ടായിരുന്നു. ഞാൻ പിന്നെ വണ്ടി നേരെ ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു”, മനു പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ പഴ്സും അതിലുണ്ടായിരുന്ന​ എല്ലാ വസ്തുക്കളും ഏൽപ്പിച്ച ശേഷവും ബാക്കി ജോലി പൊലീസ് എടുക്കട്ടെ എന്ന് മനു കരുതിയില്ല. ഇവർ യൂബർ ബുക് ചെയ്ത നമ്പറിൽ വിളിച്ചുനോക്കി. പക്ഷെ അതിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ഡേവിഡിനെയും സംഘത്തെയും ഇറക്കിവിട്ട ഖിസ കഫേയിലേക്ക് തന്നെ യാത്ര തിരിച്ചു.

“ഭാഗ്യത്തിന് അവർ അവിടെ തന്നെയുണ്ടായിരുന്നു. ഞാൻ ഡേവിഡിനോട് കാര്യങ്ങൾ പറഞ്ഞു. പഴ്സ് പൊലീസ് സ്റ്റേഷനിലാണെന്നും ഒരുമിച്ച് വന്നാൽ പഴ്സ് തിരികെ വാങ്ങാമെന്നും പറഞ്ഞു. എന്റെ കാറിൽ തന്നെ അവരെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. എസ്ഐ യുടെ സാന്നിദ്ധ്യത്തിൽ തന്നെ അദ്ദേഹം പഴ്സ് പരിശോധിച്ചു. പ്രൗഡ് ഓഫ് യൂ മൈ ബോയ് എന്ന് പറഞ്ഞ് തോളിൽ തട്ടി. സന്തോഷം തോന്നി അപ്പോൾ”, മനു പറഞ്ഞു.

ആകെ ഇരുപതിനായിരം രൂപയോളമാണ് ഈ പഴ്സിലുണ്ടായിരുന്നത്. “ഏഴായിരം രൂപയുടെ ഇന്ത്യൻ കറൻസിയാണ് പേഴ്സിലുണ്ടായിരുന്നത്. ഇതിന് പുറമേ രണ്ട് നൂറിന്റെ ഡോളറും ഉണ്ടായിരുന്നു. രണ്ടും കൂടി ഏതാണ്ട് 20000 രൂപ. പിന്നെയുണ്ടായിരുന്നത് ഡെബിറ്റ് കാർഡും ക്രഡിറ്റ് കാർഡുമൊക്കെയാണ്. അതെല്ലാം അമേരിക്കയിലെ ബാങ്കുകളിലേത്”, ഫോർട്ടുകൊച്ചി ജനമൈത്രി പൊലീസിൽ നിന്ന് അറിയിച്ചു.

“അയാൾക്ക് ആ പണവുമായി കടന്നുകളയാമായിരുന്നു. അങ്ങിനെയെങ്കിൽ എന്റെ മടക്കയാത്രയടക്കം ബുദ്ധിമുട്ടിലായേനെ. ബാങ്കിലെ പണം പിൻവലിക്കാൻ പോലും ഞാൻ പ്രയാസപ്പെട്ടേനെ. ആകെ യാത്ര തന്നെ വളരെ കഷ്ടത്തിലായേനെ. പക്ഷെ, ഈ യാത്രയിൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണിത്”, പേഴ്സ് തിരികെ ലഭിച്ച ശേഷം ഡേവിഡ് ഐഇ മലയാളത്തോട് പറഞ്ഞതിങ്ങനെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ