തൃശൂര്‍: ഹൈക്കോടതി ജാമ്യം അനുവദിച്ച, മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെടുന്ന യുഎപിഎ വിചാരണത്തടവുകാരന്‍ ഇബ്രാഹിം ജയില്‍മോചിതനായി. ആറു വര്‍ഷവും നാലു മാസവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അറുപത്തിയേഴുകാരനായ ഇബ്രാഹിമിന് ഇന്നലെയാണു ജാമ്യം ലഭിച്ചത്. വയനാട് മേപ്പാടി സ്വദേശിയായ ഇബ്രാഹിം ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു വൈകിട്ടോടെയാണു പുറത്തിറങ്ങിയത്.
2014ല്‍ വയനാട്ടിലെ സിവില്‍ പൊലീസ് ഓഫീസറുടെ വീട് മാവോയിസ്റ്റുകള്‍ ആക്രമിച്ച കേസില്‍ 2015ലാണ് ഇബ്രാഹിം അറസ്റ്റിലായത്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സിവില്‍ പൊലീസ് ഓഫീസറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ഇരുചക്ര വാഹനം കത്തിച്ചിരുന്നു.
യുഎപിഎയിലെ 43 ഡി (5) വകുപ്പ് പ്രകാരമാണു പൊലീസ് ഇബ്രാഹിമിനെതിരെ കേസെടുത്തിരുന്നത്. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ ഇബ്രാഹിമിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതൊന്നും പ്രഥമദൃഷ്ട്യ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് ജാമ്യം അനുവദിച്ചത്.
Also Read: മോൻസന്റെ പുരാവസ്തു തട്ടിപ്പ്: പ്രവാസി മലയാളി സംഘടനയുടെ ബന്ധം അന്വേഷിക്കണമെന്ന് കോടതി
ഹര്‍ജിക്കാരന് ഒന്നിലധികം അസുഖങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ചികിത്സ എറണാകുളത്തു തന്നെ നടത്തണമെന്നും ജില്ല വിട്ടുപോകരുതെന്നുമുള്ള ഉപാധികളോടെയാണു ജാമ്യം. കടുത്ത പ്രമേഹരോഗിയാണെന്നും രണ്ടു തവണ ഹൃദ്രോഗം ബാധിച്ചെന്നും ചൂണ്ടിക്കാണിച്ചാണു ഇബ്രാഹിം ജാമ്യഹര്‍ജി നല്‍കിയത്.
നീണ്ട ജയില്‍ ജീവിതത്തിനിടെ ഇബ്രാഹിമിനു ചികിത്സയ്ക്കായി ഒരു തവണ പോലും പരോള്‍ ലഭിച്ചിരുന്നില്ല. അടിക്കടിയുള്ള നെഞ്ചുവേദനയെത്തുടര്‍ന്ന് ഇബ്രാഹിമിനെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വീണ്ടും ജയിലിലേക്കു മാറ്റി. ഇബ്രാഹിമിനു മതിയായ ചികിത്സ നല്‍കണമെന്നും ജാമ്യം അനുവദിക്കണമെന്നും നിരവധി സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.