തിരുവനന്തപുരം: രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ പ്രതികരിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സാഹചര്യം തെറ്റാണെങ്കില്‍ തിരുത്തണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന് തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഭരണകൂടം വ്യക്തികള്‍ക്കെതിരെ മാറരുത്. ഏതു തരത്തിലുള്ള പുസ്തകം വായിക്കാനും എഴുതാനും ജനങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. വിധ്വംസക പ്രവര്‍ത്തനമെന്ന് ഉറപ്പാക്കാതെ യുഎപിഎ പോലുള്ള കേസുകള്‍ പൊലീസ് എടുക്കരുതെന്നും അടൂര്‍ ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ കൈവശം വച്ചുനടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായി കാണാന്‍ സാധിക്കില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് പറഞ്ഞു. അതേസമയം, അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയെ നിശിതമായി എതിര്‍ക്കുന്നുവെന്നും വിജയരാഘവന്.
Read Also: പാർട്ടിക്ക് ഒരു ചുക്കും ചെയ്യാൻ പറ്റുന്നില്ല; സർക്കാരിനെ വിമർശിച്ച് ആഷിഖ് അബു
യുഎപിഎ ചുമത്തുന്നതിനെ ഇടതുപക്ഷം ഒരിക്കലും അംഗീകരിക്കില്ല. ഇക്കാര്യം സര്‍ക്കാരിനോട് ഇടതുപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അതിനനുസരിച്ച നിലപാട് സ്വീകരിക്കും. ഒരിക്കലും യുഎപിഎയെ സര്‍ക്കാര്‍ അനുകൂലിക്കില്ല. യുഎപിഎ ചുമത്താതിരിക്കാനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിത നിലപാടാണ് യുഎപിഎയെ എതിര്‍ക്കുക എന്നുള്ളത്. ആ പ്രഖ്യാപിത നിലപാടിനു വിഭിന്നമായാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. യുഎപിഎ ചുമത്താതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും വിജയരാഘവന് വ്യക്തമാക്കി.
അതേസമയം, മാവോയിസ്റ്റുകളെ ഇടതുമുന്നണി കണ്‍വീനര്‍ തള്ളിപ്പറഞ്ഞു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ആയുധങ്ങള്‍ കൈവശം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല. ജനാധിപത്യ പ്രക്രിയയുടെ ഭാഗമല്ല അത്. നിരവധി പേരെയാണ് ദേശീയ തലത്തില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. അതിനെ പ്രകീര്‍ത്തിക്കാന്‍ സാധിക്കില്ല. മാവോയിസ്റ്റുകളെ അക്രമ നിലപാടിനെ എതിര്‍ക്കുമെന്നും വിജയരാഘവന് പറഞ്ഞു.