തിരുവനന്തപുരം: യുഎപിഎ പോലുളള ജനവിരുദ്ധ നിയമങ്ങൾ രാജ്യത്തെ ജനകീയ സമരങ്ങൾക്കു നേരെയും പൗരാവകാശ പ്രവർത്തകർക്കു നേരെയുമാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നതെന്ന് പിയുസിഎൽ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എ.പൗരൻ അഭിപ്രായപ്പെട്ടു. യുഎപിഎ വിരുദ്ധവേദി സംഘടിപ്പിച്ച നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഎപിഎ കേസുകൾ പിൻവലിക്കുക, പുനഃപരിശോധന സുതാര്യവും വേഗത്തിലുമാക്കുക, കേരള സർക്കാർ എൻ​ഐ​എ ഏജന്റാകരുത്, യുഎപിഎ വേണ്ട എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിവിധ സംഘടനകൾ ചേർന്ന് രൂപീകരിച്ച യുഎപിഎ വിരുദ്ധ വേദി നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്. പ്രസ് ക്ളബ്ബ് പരിസരത്തു നിന്നാരംഭിച്ച മാർച്ച് നിയമസഭയ്ക്കു സമീപം പൊലീസ് തടഞ്ഞു.

കേരളത്തിൽ ഇടതുപക്ഷ സർക്കാർ കേസുകൾ പുനഃപരിശോധിക്കാമെന്ന് പ്രഖ്യാപിച്ചത് നല്ല തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം. ഇതുവഴി നിരവധി പേർക്ക് നീതി ലഭിക്കുമെന്ന് കരുതുന്നു. സർക്കാരിന്റെ പ്രഖ്യാപന ശ്ളാഘനീയമാണ്. എന്നാൽ സത്യസന്ധായി, വേഗത്തിൽ, സുതാര്യമായി പുനഃപരിശോധിച്ച് കൊണ്ട് ആ പ്രഖ്യാനത്തിന് മേൽ സർക്കാരിനുളള പ്രതിജ്ഞാബദ്ധത ഉറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതുപക്ഷം ഇതൊക്കെ പരിശോധിക്കും എന്ന് പറയുന്നത് മുഖവിലയ്ക്ക് എടുക്കാൻ സാധിക്കില്ലെന്ന് പോരാട്ടം ചെയർപേഴ്സൺ എം.എൻ.രാവുണ്ണി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സർക്കാരിന് യുഎപിഎയോടുളള സമീപനത്തിൽ വലതുപക്ഷത്തിൽ നിന്നും വ്യത്യാസമുണ്ടെന്ന് അവർ തെളിയിക്കുന്നത് വരെ അവരുടെ നിലപാടുകൾ കാപട്യമാണെന്ന് വിശ്വസിക്കേണ്ടിവരും. കാരണം എൽഡിഎഫ് ഉളളപ്പോഴും ഈ​നിയമങ്ങൾ ഉപയോഗിക്കുന്നു. യുഎപിഎ ഇടതുപക്ഷ സർക്കാർ പ്രയോഗിക്കില്ല എന്ന രാഷ്ട്രീയ തീരുമാനം എടുക്കണം, അത് പ്രഖ്യാപിക്കണം. അല്ലാതെ അത് വെറും പ്രഖ്യാപനം മാത്രം ആക്കരുത്. മാത്രമല്ല,​ ആ തീരുമാനം പൊലീസിനെ കൊണ്ട് നടപ്പാക്കണം. എങ്കിൽ മാത്രമേ ഇടതുപക്ഷം ആ പേരിനോട് നീതി പുലർത്തുന്നതാണെന്ന് ഈ വിഷയത്തിലെങ്കിലും തെളിയ്ക്കാൻ കഴിയൂവെന്ന് രാവുണ്ണി പറഞ്ഞു.

രാജ്യത്തൊട്ടാകെ ഈ നിയമം ഭീകരവും ക്രൂരവുമായി പ്രയോഗിക്കപ്പെടുകയാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ജനറൽ​സെക്രട്ടറി അഡ്വ. തുഷാർ നിർമ്മൽ സാരഥി അഭിപ്രായപ്പെട്ടു. അതിലേറ്റവും അവസാനത്തെ ഉദാഹരണമാണ് ഡൽഹി സർവകലാശാല ​അധ്യാപകനായ ഡോ. ജി.എൻ. സായിബാബ ഉൾപ്പടെ ആറ് പേർക്കെതിരായ നടപടി. യുഎപിഎ കേസുകൾ പുനഃപരിശോധിക്കുമെന്ന സർക്കാർ തീരുമാനം സത്യസന്ധമായി നടപ്പാക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ടി.കെ.വാസു അധ്യക്ഷനായിരുന്നു. മൂവാറ്റുപുഴ അഷ്റഫ് മൗലവി, റെനി ഐലിൻ, ആർ.അജയൻ, അജയൻ മണ്ണൂർ, കെ.കെ.മണി, ടി.കെ.മുഹമ്മദ് വേളം, പി.ജെ.മാനുവൽ എന്നിവർ പ്രസംഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ