തിരുവനന്തപുരം: കോഴിക്കോട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യുഎപിഎ സമിതി അധ്യക്ഷന്‍. ലഘുലേഖ കൈവശം വച്ചത് കൊണ്ട് മാത്രം ഒരാളെ മാവോയിസ്റ്റായി മുദ്രകുത്താനാകില്ലെന്ന് റിട്ട.ജസ്റ്റിസ് പി.എസ്.ഗോപിനാഥന് പറഞ്ഞു.
ലഘുലേഖ പിടിച്ചത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ല, വ്യക്തമായ തെളിവ് വേണം. സംഘടനയില്‍ അംഗമായിരുന്നു എന്ന് തെളിയിക്കണം. യുഎപിഎ ചുമത്തിയ കേസുകളില്‍ ഭൂരിഭാഗം കേസുകളിലും തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. പന്തീരാങ്കാവ് കേസില്‍ തെളിവുണ്ടെങ്കില്‍ മാത്രമേ പ്രോസിക്യൂഷന് അനുമതി നല്‍കുകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രൂപീകരിച്ചതാണ് യുഎപി.എ സമിതി. നാലംഗങ്ങളാണ് ഈ സമിതിയില്‍ ഉള്ളത്. 13 കേസുകളാണ് ഈ സമിതിക്ക് മുന്‍പേ ഇത് വരെ വന്നത്. അതില്‍ ഏഴോളം കേസുകളില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല. അതേസമയം, അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളാണെന്നതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. നഗരകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്നും പൊലീസ് പറയുന്നു. നഗരമാവോയിസ്റ്റുകളാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ കൈവശം വച്ചുനടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായി കാണാന്‍ സാധിക്കില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് പറഞ്ഞു. അതേസമയം, അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയെ നിശിതമായി എതിര്‍ക്കുന്നുവെന്നും വിജയരാഘവന് പറഞ്ഞു.